കൊച്ചി: താരസംഘടനയായ അമ്മയിലെ (AMMA) ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ കടുത്ത രാഷ്ട്രീയ, സാമ്പത്തിക ആരോപണങ്ങളുമായി നടിമാരായ ഉഷ ഹസീന, അൻസിബ, മാലാ പാർവതി, മായാ വിശ്വനാഥ് എന്നിവർ സംയുക്ത വാർത്താസമ്മേളനം നടത്തി. സംഘടനയുടെ നേതൃനിരയിൽ അധികാരമോഹവും ഈഗോ ക്ലാഷുമാണ് നടക്കുന്നതെന്നും തങ്ങൾ നാലുപേരും ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഇരയായെന്നും ഉഷ ഹസീന തുറന്നടിച്ചു. കുറുക്കുവഴിയിലൂടെ നേതൃത്വത്തിലെത്തിയ ശ്വേതാ മേനോനെ എല്ലാവരും അംഗീകരിച്ചിട്ടും അവർ അൻസിബയെ തുടക്കം മുതൽ ഒറ്റപ്പെടുത്താനും അപമാനിക്കാനുമാണ് ശ്രമിച്ചത്. അനൂപ് ചന്ദ്രൻ അൻസിബയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കിയതിനെക്കുറിച്ച് ശ്വേതയോട് പരാതിപ്പെട്ടപ്പോൾ ‘നന്നായിപ്പോയി’ എന്ന പ്രതികരണമാണ് ലഭിച്ചത്. രമേഷ് പിഷാരടിയും ശ്വേതയും തമ്മിലുള്ള സ്വകാര്യ സംഭാഷണം മ്യൂട്ട് ചെയ്ത് പുറത്തുവിട്ടത് കടുത്ത കുറ്റകൃത്യമാണ്. ജനറൽ ബോഡിയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി പറയാതെ ശ്വേത ക്ഷോഭിക്കുകയാണുണ്ടായത്. ബിജെപിയിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങി അംഗങ്ങളെ സ്ഥാനാർത്ഥികളാക്കാമെന്ന് വാഗ്ദാനം ചെയ്തെന്ന ബാബുരാജിന്റെ ആരോപണം തെറ്റായിരുന്നെങ്കിൽ അവർക്ക് അവിടെ മറുപടി പറയാമായിരുന്നു.
അമ്മ സംഘടനയിലേക്ക് അദാനി ഗ്രൂപ്പിന്റെ 15 കോടി രൂപ വരാനുണ്ടെന്നും ശ്വേത ഇടപെട്ടാണ് ഇത് ലഭിക്കുകയെന്നും ബിജെപി നേതാവ് പത്മജ എസ് മേനോൻ പറഞ്ഞതായി മാലാ പാർവതി വെളിപ്പെടുത്തി. എന്നാൽ കോർപ്പറേറ്റുകളുടെ ഈ 15 കോടി രൂപ അമ്മയ്ക്ക് വേണ്ടെന്നും, സംഘടനയിൽ അംഗമല്ലാത്ത ഒരു ബിജെപി നേതാവ് ഇതെങ്ങനെ പറയുന്നെന്നും മാലാ പാർവതി ചോദിച്ചു. അൻസിബ നാല് പേരെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ശ്വേത ആരോപിച്ചതായും, ഇത് പുറത്തുപറയുമെന്ന് വ്യക്തമാക്കിയപ്പോൾ തന്നെ സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് ശ്വേത ഭീഷണിപ്പെടുത്തിയതായും മാലാ പാർവതി ആരോപിച്ചു. കലാകാരന്മാർക്കിടയിൽ ധ്രുവീകരണവും വർഗീയവൽക്കരണവും നടത്തുന്നവരല്ല സംഘടന ഭരിക്കേണ്ടതെന്നും, ഇത്തരം ശ്രമങ്ങളെ തങ്ങൾ മുളയിലേ നുള്ളിയെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന വ്യക്തിയാണ് രമേഷ് പിഷാരടിയെന്നും അവർ കൂട്ടിച്ചേർത്തു. മോഹൻലാൽ പ്രസിഡന്റായ കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചപ്പോൾ സാമ്പത്തിക ആരോപണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ അൻസിബ, സാമ്പത്തിക ആരോപണങ്ങൾ നേരിടുന്നവരെ എങ്ങനെ സംഘടനയിൽ തുടരാൻ അനുവദിക്കുമെന്നും ചോദിച്ചു. ദല്ലാൾ നന്ദകുമാറുമായുള്ള കരാറിൽ ആദ്യം ഒരു കോടി രൂപ നൽകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കരാറായപ്പോൾ അത് 75 ലക്ഷമായി ചുരുങ്ങിയെന്നും ബാക്കി 25 ലക്ഷം എവിടെപ്പോയെന്ന് അറിയില്ലെന്നും അൻസിബ ആരോപിച്ചു. ഈ വിഷയത്തിൽ താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് വിളിച്ചിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഓപ്പറേഷൻ തൂഫാനൊപ്പം ഈ കാര്യവും ആഭ്യന്തരമന്ത്രി ഗൗരവമായി അന്വേഷിക്കണം. ആരോപണവിധേയരെ സംരക്ഷിക്കാനാണോ പോലീസ് സ്റ്റേഷനുകളെന്നും ഇപ്പോൾ കോടതിയിൽ നിന്ന് മാത്രമാണ് നീതി ലഭിക്കുന്നതെന്നും അൻസിബ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.



