സയൻസ് ഫിക്ഷൻ സിനിമകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ റോബോട്ടുകൾ മറ്റ് റോബോട്ടുകളെ നിർമിക്കുന്ന പുതിയ ഫാക്ടറി ചൈനയിൽ പ്രവർത്തനം ആരംഭിച്ചു. ഗ്വാങ്സി ഷുവാങ് സ്വയംഭരണ മേഖലയിലെ ലിയുഷൗവിൽ ഉബിടെക് റോബോട്ടിക്സ് തുറന്ന പുതിയ നിർമാണകേന്ദ്രത്തിലാണ് വ്യാവസായിക ഹ്യൂമനോയിഡ് റോബോട്ടുകളുടെ നിർമാണം വൻതോതിൽ പുരോഗമിക്കുന്നത്. നിർമാണപ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ റോബോട്ടുകളെ തന്നെ ഉപയോഗിക്കുന്നു എന്നതാണ് ഈ ഫാക്ടറിയുടെ പ്രധാന പ്രത്യേകത. ഓരോ 10 മിനിറ്റിലും ഒരു വ്യാവസായിക ഹ്യൂമനോയിഡ് റോബോട്ട് നിർമിക്കാൻ ശേഷിയുള്ള ഈ കേന്ദ്രത്തിന് പ്രതിവർഷം 10,000 റോബോട്ടുകളെ ഉൽപ്പാദിപ്പിക്കാൻ കഴിയും. 14,000 ചതുരശ്രമീറ്റർ വിസ്തൃതിയും 13.8 മീറ്റർ ഉയരവുമുള്ള ഈ ഫാക്ടറി ഉബിടെക്കും സീമെൻസ് ഡിജിറ്റൽ ഇൻഡസ്ട്രീസ് സോഫ്റ്റ്വെയറും ചേർന്നാണ് വികസിപ്പിച്ചത്. വാക്കർ എസ്, ക്രൂസർ ശ്രേണിയിലുള്ള റോബോട്ടുകളാണ് പ്രധാനമായും ഇവിടെ നിർമിക്കുന്നത്.
‘സ്മാർട്ട് ബ്രെയിൻ’ എന്ന ഡിജിറ്റൽ സംവിധാനം വഴിയാണ് ഫാക്ടറിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. നിർമാണ നിർദേശങ്ങൾ, സാമഗ്രികളുടെ നീക്കം, ഗുണനിലവാര പരിശോധന തുടങ്ങിയവ ഈ സംവിധാനം ഏകോപിപ്പിക്കുന്നു. ഓരോ റോബോട്ടിനും ലഭിക്കുന്ന പ്രത്യേക സീരിയൽ നമ്പർ വഴി നിർമാണ വിവരങ്ങൾ കൃത്യമായി പിന്തുടരാനാകും. ഫാക്ടറിയിലെ സാധനങ്ങൾ ഇറക്കാനും അടുക്കിവയ്ക്കാനും ഉൽപ്പാദന കേന്ദ്രത്തിലേക്ക് എത്തിക്കാനുമായി ക്രൂസർ വൈ1, ക്രൂസർ എസ്2 എന്നീ റോബോട്ടുകളെയാണ് നിയോഗിച്ചിരിക്കുന്നത്. സഹകരണ റോബോട്ടിക് കൈകൾ, ഡ്രൈവറില്ലാത്ത ചരക്ക് വാഹനങ്ങൾ, കറങ്ങുന്ന ജോലിമേശകൾ എന്നിവ ഉപയോഗിച്ച് ഒരേ ഉൽപ്പാദന നിരയിൽ തന്നെ വ്യത്യസ്ത മോഡൽ റോബോട്ടുകൾ നിർമിക്കാൻ സാധിക്കും.
നിർമാണം പൂർത്തിയാകുന്ന ഓരോ റോബോട്ടിനും 4 മണിക്കൂറിലേറെ നീളുന്ന യന്ത്ര പരിശോധനയും 360 ഡിഗ്രി ദൃശ്യ പരിശോധനയും നിർബന്ധമാണ്. ഫാക്ടറിയിലെ യാന്ത്രിക സംഭരണകേന്ദ്രത്തിൽ 65 ചതുരശ്രമീറ്റർ സ്ഥലത്ത് 112 ഹ്യൂമനോയിഡ് റോബോട്ടുകളെ സൂക്ഷിക്കാൻ കഴിയുമെന്നും ഉബിടെക് വ്യക്തമാക്കുന്നു. ഡ്രൈവറില്ലാത്ത വാഹനങ്ങളും ഫോർക്ക്ലിഫ്റ്റുകളുമാണ് ഫാക്ടറിക്കുള്ളിലെ ചരക്കുനീക്കം കൈകാര്യം ചെയ്യുന്നത്. ചൈനയിൽ റോബോട്ടിക്സ് വ്യവസായം അതിവേഗം വളരുന്ന സാഹചര്യത്തിലാണ് ഈ പുതിയ ചുവടുവെപ്പ്. ജൂലൈയിൽ മാത്രം രാജ്യത്ത് 98,677 വ്യാവസായിക റോബോട്ടുകൾ നിർമിച്ചതായി നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു. ഇത് മുൻവർഷത്തേക്കാൾ 30.2 ശതമാനം വർധനവാണ്. വർഷത്തിലെ ആദ്യ 7 മാസങ്ങളിൽ ഉൽപ്പാദനം 28.5 ശതമാനം വർധിച്ച് 6,35,056 യൂണിറ്റിലെത്തുകയും ചെയ്തു.



