India Mirror News

കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാനി ഭീകരരെന്ന് സമ്മതിച്ച് നാല് പതിറ്റാണ്ടിന് ശേഷം കാനഡയുടെ ഔദ്യോഗിക സ്ഥിരീകരണം

കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാനി ഭീകരരെന്ന് സമ്മതിച്ച് നാല് പതിറ്റാണ്ടിന് ശേഷം കാനഡയുടെ ഔദ്യോഗിക സ്ഥിരീകരണം

1985-ൽ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമദുരന്തങ്ങളിലൊന്നായ എയർ ഇന്ത്യ ‘കനിഷ്ക’ വിമാന സ്ഫോടനത്തിന് പിന്നിൽ കാനഡ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് നാല് പതിറ്റാണ്ടുകൾക്ക് ശേഷം കാനഡ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടൊറന്റോയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ തകരുകയും 329 പേർ കൊല്ലപ്പെടുകയും ചെയ്ത ദാരുണ സംഭവത്തെക്കുറിച്ച് കാനഡയുടെ ഇന്റലിജൻസ് ഏജൻസിയായ സി.എസ്.ഐ.എസ് (CSIS) ആണ് ആദ്യമായി ഈ തുറന്നുപറച്ചിൽ നടത്തിയത്. കാനഡ കേന്ദ്രീകരിച്ചുള്ള ഖാലിസ്ഥാൻ ഭീകരരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന ഇന്ത്യയുടെ ദീർഘകാലത്തെ നിലപാട് ശരിവെക്കുന്നതാണ് ഈ ഔദ്യോഗിക സ്ഥിരീകരണം. ഭീകരവാദത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന ദേശീയ ദിനത്തോടനുബന്ധിച്ച് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കനേഡിയൻ ഇന്റലിജൻസ് ഏജൻസി ഈ നിർണായക വിവരം പരസ്യപ്പെടുത്തിയത്.

1984-ൽ ഇന്ത്യയിൽ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനുള്ള പ്രതികാരമായാണ് ഖാലിസ്ഥാൻ തീവ്രവാദികൾ വിമാനത്തിൽ ബോംബ് സ്ഥാപിച്ചതെന്നും, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാരായിരുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കാനഡയുടെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും മാരകമായ ഭീകരാക്രമണമായിരുന്നു 1985 ജൂൺ 23-ന് നടന്ന കനിഷ്ക ദുരന്തമെന്ന് ഏജൻസി അടിവരയിടുന്നു. കഴിഞ്ഞ നാൽപ്പത് വർഷമായി രാഷ്ട്രീയവും മതപരവും പ്രത്യയശാസ്ത്രപരവുമായ വിവിധ ലക്ഷ്യങ്ങളോടെയുള്ള ഇത്തരം തീവ്രവാദ ഭീഷണികളിൽ നിന്ന് കനേഡിയൻ ജനതയെ സംരക്ഷിക്കാൻ തങ്ങളുടെ ഏജൻസി നിരന്തരം ഇടപെടുന്നുണ്ടെന്നും സി.എസ്.ഐ.എസ് ഈ കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *