പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ രാവിലെ ഒമ്പത് മണിക്ക് നടക്കും. മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം പ്രോടെം സ്പീക്കറായി നിയമിതനായ മുതിർന്ന നേതാവ് ജി. സുധാകരനാണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഇതിന് മുന്നോടിയായി ജി. സുധാകരൻ ലോക്ഭവനിൽ വെച്ച് ഗവർണർക്ക് മുന്നിൽ എംഎൽഎയായി പ്രതിജ്ഞയെടുത്ത് ചുമതലയേറ്റിട്ടുണ്ട്. നാളെ രാവിലെ കൃത്യം ഒമ്പത് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ 139 ജനപ്രതിനിധികളാണ് സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുക. സിപിഎമ്മുമായി അകന്ന് ഇത്തവണ യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച ജി. സുധാകരൻ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു എന്ന പ്രത്യേകതയും നാളത്തെ ചടങ്ങിനുണ്ട്. രാഷ്ട്രീയ കേരളം ഏറെ കൗതുകത്തോടെയാണ് ഈ അപൂർവ്വ നിമിഷത്തെ നോക്കിക്കാണുന്നത്. എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായ ശേഷം മറ്റന്നാൾ രാവിലെയാണ് പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കുക. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. സ്പീക്കർ തിരഞ്ഞെടുപ്പും മറ്റ് ഔദ്യോഗിക നടപടികളും പൂർത്തിയാക്കിയ ശേഷം ഈ മാസം 29-ാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകും.
Tags:
You can share this post!
administrator



