വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി മറുപടി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ആദ്യ പ്രതികരണവുമായി അമിത് ഷാ രംഗത്തെത്തി. സർക്കാരിന് വിഷയത്തിൽ ഒന്നും ഒളിച്ചുവെക്കാനില്ലെന്നും ഇന്നും നാളെയും ഏത് വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്നും പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ സർക്കാർ സന്നദ്ധമാണെന്നും എന്നാൽ അവർ സഭാ നടപടികൾ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് മുന്നിൽ സത്യം വെളിപ്പെടട്ടെയെന്നും ബഹളം അവസാനിപ്പിച്ച് പ്രതിപക്ഷം ചർച്ചയ്ക്ക് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരാണ് യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും, എന്തുകൊണ്ടാണ് പാർലമെന്റിൽ ചർച്ച നടക്കാൻ പ്രതിപക്ഷം അനുവദിക്കാത്തത് എന്നതിനെക്കുറിച്ച് താൻ സഭയിൽ സംസാരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. താൻ പതിവായി പാർലമെന്റിൽ എത്തുകയും ചേംബറിൽ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രതിപക്ഷം സഭ നടക്കാൻ അനുവദിക്കാത്തതിൽ മറ്റ് വഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന നടത്തൂ എന്ന് പറയുന്നതുപോലെയല്ല പാർലമെന്റിൽ ചർച്ച നടക്കേണ്ടതെന്നും അതിന് ചില കൃത്യമായ നിയമങ്ങളുണ്ടെന്നും കൂട്ടിച്ചേർത്ത അദ്ദേഹം, പ്രതിപക്ഷം ഇത്തരം പിടിവാശികൾ ഉപേക്ഷിക്കണമെന്നും വ്യക്തമാക്കി.



