സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് സ്ഥാപിച്ച സുരക്ഷാ ക്യാമറകളിൽ നല്ലൊരു പങ്കും പ്രവർത്തനരഹിതമായത് കനത്ത ആശങ്ക ഉയർത്തുന്നു. തലസ്ഥാന നഗരിയിൽ സ്ഥാപിച്ചിട്ടുള്ള 108 ക്യാമറകളിൽ നാൽപ്പതിലധികവും നിലവിൽ പ്രവർത്തിക്കുന്നില്ല. സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകൾ പോലും നിശ്ചലമായ അവസ്ഥയിലാണ്. വിഷയം ചൂണ്ടിക്കാട്ടി പോലീസ് പലതവണ കത്തയച്ചിട്ടും സ്മാർട്ട് സിറ്റി അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ക്യാമറകൾ വഴിയുള്ള തത്സമയ ദൃശ്യങ്ങൾ കൺട്രോൾ റൂമിലേക്ക് ലഭ്യമാകാത്തത് സിറ്റി പോലീസിന്റെ പ്രവർത്തനങ്ങളെയും സുരക്ഷാ മേൽനോട്ടത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
സ്മാർട്ട് സിറ്റി പദ്ധതിയുടെ കരാറുകാർക്ക് പണം നൽകുന്നതിൽ വരുത്തിയ കുടിശ്ശികയാണ് ക്യാമറകളുടെ പ്രവർത്തനം താളംതെറ്റാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. സേവനദാതാക്കളായ എം.എസ്.പി (MSP) എന്ന കമ്പനിക്ക് നൽകാനുള്ള കുടിശ്ശിക തുക വൈകിയതിനെ തുടർന്ന് ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതോടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ സുരക്ഷാ നിരീക്ഷണ സംവിധാനം പൂർണമായും സ്തംഭിച്ച നിലയിലാണ്.



