പബ്ലിക് സർവീസ് കമ്മീഷനിൽ (പി.എസ്.സി) ചെയർമാനും ഒരു വിഭാഗം കമ്മീഷൻ അംഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ചെയർമാന്റെ വിശേഷാധികാരങ്ങൾ ദുരുപയോഗം ചെയ്ത് പരീക്ഷകൾ അട്ടിമറിച്ചെന്നടക്കം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം അംഗങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകി. കേസിലെ പ്രതിയായ അഡീഷണൽ സെക്രട്ടറി ഹരിയെ സെക്രട്ടറിയാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് പരീക്ഷ അട്ടിമറി നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു. ഒന്നര മാസം മുമ്പാണ് അംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഡി.വൈ.എസ്.പി സ്പെഷ്യൽ റിക്രൂട്ട്മെന്റ്, ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, കെ.എ.എസ് തുടങ്ങിയ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷകളുടെ മാർക്കുകൾ ചെയർമാൻ മുൻകൂട്ടി മനസ്സിലാക്കിയെന്നും, അഡീഷണൽ സെക്രട്ടറി ഹരിയാണ് ഈ മാർക്കുകൾ ചെയർമാന്റെ ചേമ്പറിലെത്തിച്ചതെന്നും ആരോപണമുണ്ട്. കൂടാതെ അഭിമുഖ പരീക്ഷകളിൽ തനിക്ക് താല്പര്യമുള്ളവരെ നിയമിച്ചതായും ഡി.വൈ.എസ്.പി സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഇന്റർവ്യൂ വിവരങ്ങൾ പി.എസ്.സി യോഗത്തിൽ പോലും അറിയിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ചോദ്യപേപ്പർ തയ്യാറാക്കാൻ എക്സാമിനേഷൻ സബ്കമ്മിറ്റി വേണമെന്ന റൂൾസ് ഓഫ് പ്രൊസീജിയർ കാറ്റിൽപ്പറത്തി ചെയർമാൻ സ്വന്തം നിലയിൽ രഹസ്യമായി ചോദ്യകർത്താവിനെ നിശ്ചയിക്കുകയാണെന്നും, ഒരു പരീക്ഷയ്ക്ക് മൂന്ന് പേരിൽ നിന്ന് ചോദ്യപേപ്പർ വാങ്ങുന്ന മുൻരീതി ചെയർമാൻ അവസാനിപ്പിച്ചെന്നും കമ്മീഷൻ അംഗങ്ങൾ ആരോപിച്ചു.



