സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുമെന്നും തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ വൻ നാശനഷ്ടങ്ങളും ഗതാഗത തടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പാറശാലയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് തടസ്സപ്പെട്ട റെയിൽവേ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചുവെങ്കിലും തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിലെ ആറ് ട്രെയിനുകൾ റദ്ദാക്കുകയും പരശുറാം എക്സ്പ്രസ് അടക്കം അഞ്ച് ട്രെയിനുകൾ വൈകുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും താമരശ്ശേരിയിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുകയാണ്. അതിനിടെ, കോട്ടയം എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ബുധനാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും പെട്ട് 4 മൂരികളും 8 പശുക്കളും ഉൾപ്പെടെ 12 കന്നുകാലികൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി.



