India Mirror News

ഇന്ത്യ-യു.എ.ഇ ഉഭയകക്ഷി ബന്ധം ശക്തമാക്കും: വിദേശകാര്യ മന്ത്രിമാരുടെ ഉന്നതതല കൂടിക്കാഴ്ച മുംബൈയിൽ നടന്നു

ഇന്ത്യ-യു.എ.ഇ ഉഭയകക്ഷി ബന്ധം ശക്തമാക്കും: വിദേശകാര്യ മന്ത്രിമാരുടെ ഉന്നതതല കൂടിക്കാഴ്ച മുംബൈയിൽ നടന്നു

ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി മുംബൈയിൽ ഉന്നതതല ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിനൊപ്പം സാമ്പത്തികം, വ്യാപാരം, നിക്ഷേപം, സംസ്‌കാരം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലമാക്കാൻ ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയുമായുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണ് യു.എ.ഇ നൽകുന്നതെന്ന് വ്യക്തമാക്കിയ ശൈഖ് അബ്ദുള്ള, 2022-ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) വഴി ഉഭയകക്ഷി വ്യാപാരം 85 ബില്യൺ ഡോളർ (ഏകദേശം 7.1 ലക്ഷം കോടി രൂപ) കടന്നതായും ചൂണ്ടിക്കാട്ടി. നിലവിൽ യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ, ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി യു.എ.ഇയും മാറിയിട്ടുണ്ട്.

ചർച്ചയ്ക്കിടെ പശ്ചിമേഷ്യൻ സംഘർഷത്തിലെ കടുത്ത ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, യു.എ.ഇ വിദേശകാര്യ മന്ത്രിയോട് ‘ഇന്ത്യയെ രണ്ടാം വീടായി കരുതൂ’ എന്ന് വ്യക്തമാക്കിക്കൊണ്ട് ഉഷ്മളമായ സ്വീകരണമാണ് നൽകിയത്. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള നടപടികളും പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ഇരുനേതാക്കളും പങ്കുവെച്ചതായി യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തു. മുംബൈയിലെത്തിയ ശൈഖ് അബ്ദുള്ളയെ മഹാരാഷ്ട്ര നൈപുണ്യ വികസന മന്ത്രി മംഗൾ പ്രഭാത് ലോധയും ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഭക്ഷ്യസുരക്ഷ, സാമ്പത്തിക മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഏകദേശം 40 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളാണ് യു.എ.ഇയിലെ ഏറ്റവും വലിയ വിദേശി സമൂഹമെന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് കൂടുതൽ കരുത്തേകുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *