India Mirror News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ജയിൽ മോചനം സാധ്യമായത്. വിജിലൻസ് കോടതി വിധിച്ച ശിക്ഷയും 30 ലക്ഷം രൂപ പിഴയും ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു. പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 18 മുതൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന അദ്ദേഹം അനുകൂല ഉത്തരവ് വന്നതിനെ തുടർന്ന് രാത്രിയോടെയാണ് പുറത്തിറങ്ങിയത്.

തനിക്ക് ലഭിച്ച സ്വത്തുക്കൾ കുടുംബപരമായി ലഭിച്ചതാണെന്നും വാടക വരുമാനത്തിൽ നിന്നുള്ളതാണെന്നും ടോമിൻ ജെ. തച്ചങ്കരി ഹൈക്കോടതിയിൽ ആവർത്തിച്ചു വ്യക്തമാക്കി. എന്നാൽ തച്ചങ്കരിയുടെ അപ്പീലിനെ സർക്കാർ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു സർക്കാരിന്റെ വാദം. 2003 ജനുവരി 1 മുതൽ 2007 ജൂലൈ 4 വരെയുള്ള കാലയളവിൽ ഐ.ജിയായിരിക്കെ 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള വിജിലൻസ് കേസ്. ആലപ്പുഴ സ്വദേശി കെ.സി. കുരുവിള തുടങ്ങി വെച്ച നിയമപോരാട്ടം പിന്നീട് മകൻ ബോബി കുരുവിളയാണ് തുടർന്നു കൊണ്ടുപോയത്. അഴിമതിക്കേസിൽ ജയിലിലാകുന്ന കേരളത്തിലെ ആദ്യത്തെ മുൻ ഡി.ജി.പിയാണ് ടോമിൻ ജെ. തച്ചങ്കരി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *