India Mirror News

കിഫ്ബിയിൽ വൻ ക്രമക്കേടും ചട്ടലംഘനവും: ഗൗരവ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കിഫ്ബിയിൽ വൻ ക്രമക്കേടും ചട്ടലംഘനവും: ഗൗരവ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കിഫ്ബിയിലെ (KIIFB) സാമ്പത്തിക ക്രമക്കേടുകളിലും റൂൾസ് ഓഫ് ബിസിനസ് ലംഘനങ്ങളിലും ഗൗരവകരമായ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി വരുത്തിവെച്ച ബാധ്യതകൾ കാരണം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 25,932.55 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചതായും ധനവകുപ്പിനെ പൂർണ്ണമായി നോക്കുകുത്തിയാക്കിയാണ് മുൻ സർക്കാർ പ്രവർത്തിച്ചതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കിഫ്ബി വായ്പകൾക്ക് സർക്കാർ ഗ്യാരണ്ടി നൽകേണ്ടതില്ലെന്ന ധനവകുപ്പിന്റെ നിർദ്ദേശം മറികടന്ന് അന്നത്തെ മുഖ്യമന്ത്രി അധ്യക്ഷനായ യോഗം തീരുമാനമെടുത്തത് ഭരണഘടനാപരമായ ചട്ടലംഘനമാണ്. ധനവകുപ്പിന്റെ തീരുമാനം മറികടക്കാൻ മന്ത്രിസഭയ്ക്ക് മാത്രമാണ് അധികാരമുള്ളത്. മസാല ബോണ്ട് വഴി 181.73 കോടി രൂപയുടെ നഷ്ടവും പ്രതിവർഷം 396 കോടി രൂപയുടെ അധിക പലിശ ബാധ്യതയുമുൾപ്പെടെ ആകെ 1,250 കോടിയുടെ അധികച്ചെലവാണ് ഉണ്ടായത്. സർക്കാർ നേരിട്ട് നിക്ഷേപം നടത്തിയിരുന്നെങ്കിൽ കൂടുതൽ തുക സുതാര്യമായി വികസനത്തിന് ഉപയോഗിക്കാമായിരുന്നുവെന്നും കിഫ്ബി വഴി ആകെ 70,415.54 കോടി രൂപയുടെ ഭീമമായ ബാധ്യതയാണ് സർക്കാരിന് നൽകേണ്ടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൂമി ഏറ്റെടുക്കലിലും തസ്തിക നിയമനങ്ങളിലും വൻ ക്രമക്കേടുകളാണ് നടന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ആകെ പദ്ധതികളുടെ 41.6 ശതമാനവും വെറും മൂന്ന് ജില്ലകളിൽ മാത്രമായി കേന്ദ്രീകരിക്കുകയും ഭൂമി ഏറ്റെടുക്കലിന്റെ പകുതിയിലധികവും കണ്ണൂർ ജില്ലയിൽ നടത്തുകയും ചെയ്തു. കണ്ണൂരിലും പാലക്കാടും കിൻഫ്ര വഴി ഭൂമി ഏറ്റെടുക്കാൻ 12,727 കോടി രൂപയുടെ അംഗീകാരം നൽകിയതിൽ കണ്ണൂരിൽ മാത്രം 1000 ഏക്കർ ഭൂമി 2,489 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. ഔദ്യോഗിക കണക്കിൽ 21.16 കോടി രൂപ പരസ്യച്ചെലവ് കാണിച്ച സ്ഥാനത്ത് യഥാർത്ഥത്തിൽ 203.72 കോടി രൂപ ചെലവഴിച്ചതായി ഓഡിറ്റ് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ധനവകുപ്പിന്റെ അനുമതിയില്ലാതെ 498 പേരെ അനധികൃതമായി നിയമിക്കുകയും ശമ്പളം വർദ്ധിപ്പിച്ചു നൽകുകയും ചെയ്തു. ഇത്രയും വലിയ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണ രീതിയെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്നും, പദ്ധതികൾ വഴിയിലുപേക്ഷിച്ച് സർക്കാരിന് നഷ്ടമുണ്ടാക്കാതെ ഭാവി കാര്യങ്ങൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും ധനവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *