സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ അറിയിച്ചു. പരമാവധി വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിലൊന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും താനും കേന്ദ്ര ഊർജ്ജ മന്ത്രാലയവുമായി വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തെ പൂർണ്ണമായും തരണം ചെയ്യാൻ സർക്കാരിന് സാധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ സർക്കാർ ദീർഘകാല കരാറുകൾ റദ്ദാക്കിയതും മുൻ സർക്കാറിന്റെ കാലത്തുണ്ടായ വീഴ്ചകളും ഉണ്ടാക്കിയ വലിയ കടബാധ്യതയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ പാളിച്ചകൾ മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി എഴുതിയ ലേഖനത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
കേരളം പ്രധാനമായും ജലവൈദ്യുത പദ്ധതികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ജലവൈദ്യുത പദ്ധതികളിൽ നിന്ന് കേവലം 150 മെഗാവാട്ടിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇടുക്കി പദ്ധതി പ്രദേശത്ത് 47 ശതമാനവും സംസ്ഥാനത്ത് ആകമാനം 28 ശതമാനവും മഴയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം കേരളം സ്വയം ഉൽപ്പാദിപ്പിച്ചത് ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനത്തിൽ താഴെ മാത്രമാണ്. ഭൂതത്താൻകെട്ട് പദ്ധതി പത്തുവർഷമായിട്ടും പൂർത്തിയായിട്ടില്ലെന്നും മൂഴിയാറിൽ ചൈനീസ് കമ്പനിക്ക് കരാർ നൽകിയതുൾപ്പെടെയുള്ള വീഴ്ചകൾ വലിയ തിരിച്ചടിയായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിസന്ധികൾക്കിടയിലും എല്ലാവരുമായും ചർച്ചകൾ ನಡೆത്തി പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള തീവ്ര ശ്രമത്തിലാണ് നിലവിലെ സർക്കാരെന്ന് മന്ത്രി മറുപടി നൽകി.



