India Mirror News

വരുന്നു വാട്‌സ്ആപ്പിന്റെ ബിഗ് അപ്‌ഡേറ്റ്: സന്ദേശങ്ങൾ ഇനി മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് അയക്കാം

വരുന്നു വാട്‌സ്ആപ്പിന്റെ ബിഗ് അപ്‌ഡേറ്റ്: സന്ദേശങ്ങൾ ഇനി മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് അയക്കാം

പ്രമുഖ സന്ദേശ കൈമാറ്റ ആപ്പായ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി സന്ദേശങ്ങൾ മുൻകൂട്ടി തയ്യാറാക്കി നിശ്ചിത സമയത്ത് സ്വയം അയക്കാൻ സഹായിക്കുന്ന ‘ഷെഡ്യൂൾഡ് മെസേജസ്’ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ജനപ്രിയ പ്ലാറ്റ്‌ഫോമായ വാബീറ്റാഇൻഫോ നൽകുന്ന വിവരമനുസരിച്ച്, ആൻഡ്രോയിഡിനായുള്ള വാട്‌സ്ആപ്പ് ബീറ്റാ പതിപ്പ് (2.26.40.7) ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത ഉപയോക്താക്കളിലാണ് നിലവിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായിരിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും സന്ദേശം ടൈപ്പ് ചെയ്ത ശേഷം സെൻഡ് ബട്ടൺ അമർത്തിപ്പിടിച്ചാൽ ഷെഡ്യൂൾ ചെയ്യാനുള്ള ഓപ്ഷൻ തെളിയും. ടെക്സ്റ്റ് സന്ദേശങ്ങൾക്ക് പുറമെ ചിത്രങ്ങളും വീഡിയോകളും ലിങ്കുകളും പത്ത് മിനിറ്റ് മുമ്പ് മുതൽ രണ്ടാഴ്ച വരെ മുൻകൂട്ടി സമയം നിശ്ചയിച്ച് അയക്കാൻ ഇതിലൂടെ സാധിക്കും. ഫോൺ ഓഫ്‌ലൈനായാലും വാട്‌സ്ആപ്പ് തുറന്നിട്ടില്ലെങ്കിലും നിശ്ചിത സമയത്ത് സന്ദേശം സ്വയം അയക്കപ്പെടും എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന മേന്മ.

ചിത്രങ്ങളോ വീഡിയോകളോ അയയ്ക്കുന്നതിന് മുമ്പ് അവയിൽ അടിക്കുറിപ്പ് ചേർക്കാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യമുണ്ടെങ്കിലും ഒരേസമയം ഒന്നിലധികം മീഡിയ ഫയലുകൾ ഷെഡ്യൂൾ ചെയ്യാനാകില്ലെന്ന നിയന്ത്രണമുണ്ടാകും. ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ അയക്കുന്നതിന് മുമ്പ് പരിശോധിക്കാനും വേണമെങ്കിൽ നീക്കം ചെയ്യാനും ചാറ്റ് ഇൻഫോ സ്ക്രീനിൽ പ്രത്യേക വിഭാഗം തന്നെയുണ്ടാകും. നീക്കം ചെയ്യുന്ന സന്ദേശങ്ങളെക്കുറിച്ച് സ്വീകർത്താവിന് പ്രത്യേകം അറിയിപ്പുകളൊന്നും ലഭിക്കില്ല. പൂർണമായും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയോടെയെത്തുന്ന ഈ ഫീച്ചർ വരും ആഴ്ചകളിൽ കൂടുതൽ ബീറ്റാ ഉപയോക്താക്കളിലേക്ക് എത്തിയേക്കുമെങ്കിലും എല്ലാവർക്കുമായി ലഭ്യമാകുന്ന ഔദ്യോഗിക തീയതി കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *