നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ കാറപകടത്തിൽ മദ്യപിച്ച് വാഹനമോടിച്ച പത്തൊമ്പതുകാരൻ സുഹൈൽ സജീവിനെതിരെ എക്സൈസ് കേസെടുത്തു. സംസ്ഥാനത്ത് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ പ്രായപരിധി 23 വയസ്സായിരിക്കെ, 19 വയസ്സുള്ള യുവാവ് മദ്യപിച്ചതിനാണ് നടപടി. കേസുമായി ബന്ധപ്പെട്ട് പ്രതിയെ എക്സൈസ് ചോദ്യം ചെയ്യും. കൂടാതെ, ശനിയാഴ്ച ഉച്ചമുതൽ സുഹൈലിന് മദ്യം നൽകിയ എറണാകുളം നഗരത്തിലെ രണ്ടും നെടുമ്പാശേരിയിലെ ഒന്നും ഉൾപ്പെടെ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ ശുപാർശ ചെയ്തുകൊണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കമ്മീഷണർക്ക് ഉടൻ റിപ്പോർട്ട് നൽകും.
അപകട സമയത്ത് വാഹനത്തിൽ മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയുണ്ടായിരുന്നുവെന്ന് പ്രതി സുഹൈൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സുഹൈലിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിനവിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അപകട ശേഷം മറ്റ് വാഹനങ്ങളിൽ രക്ഷപ്പെടാൻ ശ്രമിച്ച ആലപ്പുഴ സ്വദേശികളായ അമീർ, ജോയൽ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിക്കാൻ പ്രേരണ നൽകിയതിനാണ് മറ്റ് മൂന്ന് സുഹൃത്തുക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അമീർ ഒഴികെ കാറിലുണ്ടായിരുന്ന ബാക്കി മൂന്ന് പേരും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.



