കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് ആദ്യ പരിഗണന നൽകുന്നതെന്നും, ആ രോഗ്യമേഖലയിൽ ഏറെ മുന്നിലുള്ള കേരളത്തേക്കാൾ മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താൽപര്യമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയത്.
എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെ ഹൈക്കോടതി ശക്തമായി വിമർശിച്ചു. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്നും, എങ്കിൽ പിന്നെ എങ്ങനെയാണ് ഡൽഹിയിൽ എയിംസ് സ്ഥാപിച്ചതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു. കേരളം ഒരു എയിംസിന് പൂർണ്ണമായും അർഹതയുള്ള സംസ്ഥാനമാണെന്ന് നിരീക്ഷിച്ച കോടതി, ആരോഗ്യമേഖലയിൽ മികച്ചുനിൽക്കുന്നു എന്നതുകൊണ്ട് എയിംസ് ആവശ്യമില്ലെന്ന് അർത്ഥമില്ലെന്നും ചൂണ്ടിക്കാട്ടി. എല്ലാവർക്കും വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകില്ലെന്നും ജനസാന്ദ്രതയേറിയ കേരളത്തിന്റെ ആവശ്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കിയ കോടതി, ഹർജി ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.



