ഹൊർമൂസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം പനാമ പതാകയേന്തിയ ‘എംടി ഓൺ പീസ്’ എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരിൽ 17 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 12 പേർക്ക് പരിക്കേറ്റതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിൽ 11 പേരും ഇന്ത്യൻ പൗരന്മാരാണ്. പരിക്കേറ്റവരെ ഒമാൻ അധികൃതരുടെ സഹായത്തോടെ അടിയന്തരമായി ഒഴിപ്പിച്ച് ഒമാനിലെ ഖസബിൽ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. സമയബന്ധിതമായ രക്ഷാപ്രവർത്തനത്തിനും പിന്തുണയ്ക്കും ഒമാൻ സർക്കാരിനോട് ഇന്ത്യ നന്ദി അറിയിച്ചു.
മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ വിദേശകാര്യ മന്ത്രാലയം കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. വാണിജ്യ കപ്പലുകൾ, നാവികർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വ്യക്തമാക്കി.



