സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലേറ്റ് വീടുകൾക്ക് വ്യാപക നാശനഷ്ടം. എറണാകുളം വെങ്ങോല പഞ്ചായത്തിലെ പാലായ്ക്കുന്ന് ഭാഗത്ത് പത്തോളം വീടുകൾക്കാണ് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചത്. പ്രദേശത്തെ വീടുകളിലെ വയറിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. അമ്പാട്ട് സാറാമ്മ വർഗീസിന്റെ വീട്ടിൽ വയറിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണമായി നശിക്കുകയും മുറ്റത്തെ ടൈലുകൾ തകർന്ന് സമീപത്തെ വീടുകളിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ഒക്ടോബർ 9 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 9 വരെ വിവിധ ദിവസങ്ങളിൽ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.



