സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിലെ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരുന്ന ഒക്ടോബർ 9 വരെ സംസ്ഥാനത്തുടനീളം മഴ തുടരുമെന്നാണ് പുതിയ പ്രവചനം. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് മുതൽ ഒക്ടോബർ 9 വരെ വിവിധ ദിവസങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
മോശം കാലാവസ്ഥയെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള – കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ലക്ഷദ്വീപ് തീരത്ത് തടസ്സമില്ല. കേരള തീരത്തും സമീപ കടൽപ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.



