India Mirror News

ദില്ലിയിൽ സമരം ഇരമ്പുന്നു: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി മാർച്ചിൽ കനത്ത സംഘർഷം; എ.ഐ ആരോപണവുമായി പൊലീസ്

ദില്ലിയിൽ സമരം ഇരമ്പുന്നു: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി മാർച്ചിൽ കനത്ത സംഘർഷം; എ.ഐ ആരോപണവുമായി പൊലീസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നാലാം ദിനവും പ്രതിഷേധം ആളിപ്പടരുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയുടെ (NSUI) നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ബലപ്രയോഗം നടത്തിയത് കടുത്ത സംഘർഷത്തിനിടയാക്കി. വലിയ പൊലീസ് സന്നാഹമെത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ വലിയ പ്രതിരോധമാണ് പ്രവർത്തകർ തീർത്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണക്കാരനായ ഗ്യാനേഷ് കുമാർ രാജി വെക്കും വരെ പോരാട്ടം തുടരുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ആം ആദ്മി പാർട്ടിയും ഐസ, എ.ഐ.എസ്.എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും ഇന്ത്യാ ഗേറ്റിലേക്കും ജന്തർ മന്തറിലേക്കും നടത്തിയ മാർച്ചുകളിലും വലിയ തെരുവ് യുദ്ധമാണ് അരങ്ങേറിയത്. എ.എ.പി ദില്ലി അധ്യക്ഷൻ സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകരെ പൊലീസിന് നാല് ബസുകളിലായി മാറ്റേണ്ടി വന്നു. ബാരിക്കേഡുകൾ ഭേദിച്ച് പ്രതിഷേധിച്ച ഐസ നേതാവ് നേഹാ ബോറയെ പൊലീസ് തടങ്കലിൽ വെച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ പൊലീസ് വാഹനം തടയുകയും ബസിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു.

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ വനിതാ പൊലീസില്ലാതെ നേഹയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഐസ രംഗത്തെത്തിയതോടെ പ്രതിഷേധം കടുക്കുകയും പിന്നീട് നേഹയെ വിട്ടയക്കാൻ പൊലീസ് നിർബന്ധിതരാവുകയും ചെയ്തു. രാത്രിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ മെഴുകുതിരി മാർച്ച് പൊലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. അതിനിടെ, പ്രതിഷേധക്കാരെ ഉപദ്രവിച്ച എ.സി.പി വിവേക് ഭഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സൗരവ് ദാസും വൃന്ദാ കാരാട്ടും അടക്കമുള്ള നേതാക്കൾ സ്റ്റേഷനിലെത്തിയെങ്കിലും, നിലവിൽ പ്രചരിക്കുന്ന അതിക്രമ ദൃശ്യങ്ങൾ എ.ഐ നിർമ്മിതമാണെന്നാണ് പൊലീസ് വാർത്താക്കുറിപ്പിലൂടെ അവകാശപ്പെട്ടത്. ഇന്ത്യ സഖ്യം നാളെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കെ, രാജ്യതലസ്ഥാനം കനത്ത സുരക്ഷാ കോട്ടയായി മാറിയിരിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *