India Mirror News

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക തിരിവ്: ഇന്ത്യ മുന്നണി യോഗത്തിൽ വിജയിയുടെ ടി.വി.കെ ആദ്യമായി പങ്കെടുത്തു

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക തിരിവ്: ഇന്ത്യ മുന്നണി യോഗത്തിൽ വിജയിയുടെ ടി.വി.കെ ആദ്യമായി പങ്കെടുത്തു

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം (ടി.വി.കെ). ചെന്നൈ സത്യമൂർത്തി ഭവനിൽ ശനിയാഴ്ച ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ മുന്നണി കൺസൾട്ടേറ്റീവ് യോഗത്തിൽ ടി.വി.കെ പ്രതിനിധികൾ ആദ്യമായി പങ്കെടുത്തു. വോട്ടർ പട്ടികയിലെ വിപുലമായ തിരുത്തലുകളുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷനെതിരെയുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭ പരിപാടികളും ആസൂത്രണം ചെയ്യാനാണ് യോഗം വിളിച്ചുചേർത്തത്. പാർട്ടിയുടെ ഇലക്ഷൻ വിഭാഗം ജനറൽ സെക്രട്ടറിയും പൊതുമരാമത്ത് മന്ത്രിയുമായ ആധവ് അർജ്ജുന, ധനമന്ത്രി മരിയ വിൽസൺ എന്നിവരാണ് യോഗത്തിൽ ടി.വി.കെയെ പ്രതിനിധീകരിച്ചെത്തിയത്. സെപ്റ്റംബറിൽ തമിഴ്‌നാട്ടിൽ വിജയിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ തമിഴ്‌നാട്ടിലെ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും, ആ അടിസ്ഥാനത്തിലാണ് യോഗത്തിൽ പങ്കെടുത്തതെന്നും ടി.വി.കെ ദേശീയ വക്താവ് ഫെലിക്സ് ജെറാൾഡ് വ്യക്തമാക്കി.

കോൺഗ്രസ്, വി.സി.കെ, എം.ഡി.എം.കെ, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികളുടെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാവകാശത്തെക്കുറിച്ചും ശക്തമായ വിമർശനം ഉന്നയിക്കുന്ന ഘട്ടത്തിലാണ് ഈ കൂട്ടായ്മ ചേർന്നത്. ബി.ജെ.പിക്കെതിരെയുള്ള വിശാല പോരാട്ടത്തിൽ ഡി.എം.കെയും ടി.വി.കെയും ഒന്നിച്ചു നിൽക്കണമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി വിരപാണ്ഡ്യന്‍റെ ആഹ്വാനവും യോഗത്തിന് മുന്നോടിയായി പുറത്തുവന്നു. ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുമായി പൂർണ്ണമായി സഹകരിക്കാതെ സ്വന്തം രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചിരുന്ന വിജയ്‍യുടെ പാർട്ടി, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ മുന്നണി യോഗത്തിൽ പങ്കെടുത്തത് വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *