തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഔദ്യോഗികമായി വിശദീകരിക്കുമ്പോഴും, ബി.ജെ.പി നേതൃത്വവുമായുള്ള ഭിന്നതയാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം ബി.ജെ.പിയിൽ വലിയ തിരിച്ചടിയുണ്ടാക്കിയ ഈ നീക്കത്തിന് പിന്നിൽ മുൻപ് മേയർ സ്ഥാനാർത്ഥിയായി ചിത്രീകരിച്ച ശേഷം ഒഴിവാക്കിയതിലെ അമർഷമാണെന്നും സൂചനയുണ്ട്. കൂടാതെ ദേശീയ വനിതാ കമ്മീഷൻ അംഗത്വത്തിലേക്ക് ബി.ജെ.പി വാഗ്ദാനം ചെയ്ത പ്രധാന പദവി നൽകുന്നതിന് പകരം നിവേദിത സുബ്രഹ്മണ്യത്തെ പരിഗണിച്ചതിൽ പ്രതിഷേധിച്ചാണ് ഈ രാജിയെന്നും പറയപ്പെടുന്നു.
അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങളായി കൗൺസിലർ എന്ന നിലയിൽ അവരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് തൊട്ടടുത്ത കവടിയാർ വാർഡ് കൗൺസിലർ കെ.എസ്. ശബരീനാഥൻ പ്രതികരിച്ചു. വലിയ പ്രതീക്ഷയോടെ വിജയിപ്പിച്ച ജനങ്ങളുടെ വിശ്വാസത്തിനേറ്റ ഇടിവാണിതെന്നും, പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളാകാം രാജിക്ക കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിക്കുള്ളിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാണെന്ന സൂചന നൽകുന്നതാണ് ഈ അപ്രതീക്ഷിത രാജി.



