മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്തും മുംബൈയിലും ശക്തമാകുന്നു. മുംബൈ ശിവാജി പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ‘പ്രതിഷേധം 2.0’ ജയിൽ നിറയ്ക്കൽ സമരത്തിലേക്ക് വൻ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. മുംബൈ പൊലീസിനും മാധ്യമങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുദ്രാവാക്യങ്ങൾ ഉയർത്തിയ പ്രവർത്തകർ, പൊലീസിന്റെ അനുമതി നിഷേധിക്കപ്പെട്ടിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമരവേദിയിലേക്ക് ഒഴുകിയെത്തി. വൈകുന്നേരം 6.30 വരെ മാത്രമാണ് പ്രതിഷേധക്കാർക്ക് മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
അതേസമയം, ഡൽഹി ജന്തർ മന്തറിൽ ഇടത് സംഘടനകൾ നടത്തിയ പ്രതിഷേധ സമരം വലിയ സംഘർഷത്തിൽ കലാശിച്ചു. സമരം ശക്തമായതിനെ തുടർന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, എം.പി. എ.എ. റഹീം, ജെയ്ക്ക് സി. തോമസ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളെയും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിരവധി മലയാളികളും വനിതകളും പങ്കെടുത്ത പ്രതിഷേധം അടിച്ചമർത്താൻ പത്തോളം ബസുകളിലാണ് സമരക്കാരെ കസ്റ്റഡിയിലെടുത്ത് മാറ്റിയത്. സ്ഥിതിഗതികൾ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തു.



