മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി രംഗത്തുവന്നതോടെ കോൺഗ്രസിനുള്ളിൽ തർക്കം പ്രക്ഷുബ്ധമാകുന്നു. എന്നാൽ, അടൂർ പ്രകാശിന്റെ ഈ പരസ്യപ്രതികരണത്തെ പൂർണ്ണമായും തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. പാർട്ടിയിലെ അഭിപ്രായങ്ങളും കാര്യങ്ങളും പാർട്ടി വേദികളിൽ മാത്രമാണ് പറയേണ്ടതെന്നും അതിനവസരം ലഭിക്കാത്തപക്ഷം മുതിർന്ന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ജനാധിപത്യ സ്വഭാവമുള്ള പാർട്ടിയാണെന്നും ഇവിടെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം, അഭിപ്രായ വ്യത്യാസം ഉന്നയിക്കുന്നവരെ തുണ്ടം തുണ്ടമായി വെട്ടി ഇല്ലാതാക്കുന്ന രീതിയല്ല പാർട്ടിക്കുള്ളതെന്നും അഭിപ്രായങ്ങൾ കേൾക്കേണ്ട വേദികളിൽ കേൾക്കുമെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാലു മാസമായി താൻ സർക്കാരിനൊപ്പമാണ് പ്രവർത്തിക്കുന്നതെന്നും എന്നാൽ എന്ത് പ്രശ്നമുണ്ടായാലും തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും കെ.സി. വേണുഗോപാൽ തുറന്നടിച്ചു. തന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ചിലർക്ക് തന്നെ കുറ്റപ്പെടുത്താനാണ് താല്പര്യമെന്നും അദ്ദേഹം പ്രതികരിച്ചു.



