തമിഴ്‌നാട് സർക്കാർ സ്ത്രീകൾക്കായി നടപ്പാക്കുന്ന വിപുലീകരിച്ച സൗജന്യ യാത്രാ പദ്ധതിയായ ‘വെട്രി പയണം’ പ്രവർത്തനം ആരംഭിച്ചു. കോയമ്പേട് ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻപ് ചില പ്രത്യേക ബസുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന സൗജന്യ യാത്രാ സൗകര്യം എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ്, മൊഫ്യൂസൽ ബസുകളിലേക്ക് കൂടി വ്യാപിപ്പിച്ചതാണ് പുതിയ ഘട്ടം. ഇതിലൂടെ സംസ്ഥാനത്തെ ഏഴ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് കീഴിലുള്ള 12,692 ബസുകളിൽ ഇനി സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം. ദിവസേന 84.32 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് വരുമാന പരിധിയോ യാത്രാ പരിധിയോ നിശ്ചയിച്ചിട്ടില്ല.
തമിഴക വെട്രി കഴകം സർക്കാറിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘വെട്രി പയണം’. തായ്മാമൻ തങ്കമോതിരം പദ്ധതി, സ്കൂളുകളിലെ പ്രഭാതഭക്ഷണ പരിപാടി എന്നിവയ്ക്ക് പിന്നാലെയാണ് സൗജന്യ യാത്രാ പദ്ധതിയും വിപുലമായി നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രതിവർഷം അയ്യായിരത്തിലധികം കോടി രൂപയോളം തമിഴ്‌നാട് സർക്കാർ നീക്കിവെക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.



