സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം കനത്ത മഴ വീണ്ടും കടുക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മഴ ശക്തമായതിനൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലേറ്റ് അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ വീടുപണിയിൽ ഏർപ്പെട്ടിരിക്കെ ഇടിമിന്നലേറ്റ് വിൻസെന്റ് എന്നയാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ പൊന്മുടിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരനായ കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർക്കും (67) പാർക്കിംഗ് സ്ഥലത്തു വെച്ച് മിന്നലേറ്റു. ഇദ്ദേഹത്തെ ഉടനടി വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



