സംസ്ഥാനത്ത് ഇത്തവണ കാലവർഷത്തിൽ വലിയ തോതിലുള്ള മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 28 ശതമാനത്തിന്റെ മഴക്കമ്മി ഉണ്ടാെയെന്നാണ് വിലയിരുത്തൽ. ഇതിൽ ഏറ്റവും കൂടുതൽ മഴക്കുറവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് വയനാട് ജില്ലയിലാണ്; 54 ശതമാനം കുറവാണ് ഇവിടെയുണ്ടായത്. തൊട്ടുപിന്നിലുള്ള ഇടുക്കിയിൽ 47 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. കേരളത്തിൽ കാലവർഷം ഇത്രത്തോളം ദുർബലമാകാൻ പ്രധാന കാരണം എൽ നിനോ പ്രതിഭാസമാണെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.
മഴക്കുറവിന് പുറമേ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇന്ന് രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില പുനലൂരിലാണ്; 37 ഡിഗ്രി സെൽഷ്യസ്. തിരുവനന്തപുരം നഗരത്തിൽ 35.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. എന്നാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.



