India Mirror News

യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നൽകി വൈദ്യുതി വാങ്ങില്ല; പുതിയ വൈദ്യുതി നയം കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ്

യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നൽകി വൈദ്യുതി വാങ്ങില്ല; പുതിയ വൈദ്യുതി നയം കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് ഇനി ഉയർന്ന വില നൽകി വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. യൂണിറ്റിന് 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ലെന്നും എൽ.എൻ.ജി, എൻ.ടി.പി.സി എന്നിവ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും അദ്ദേഹം വാർത്താചാനലിനോട് പറഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ ജനങ്ങൾ സന്നദ്ധരായിട്ടുണ്ടെങ്കിലും പലരും വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ പ്രതിസന്ധി പെട്ടെന്ന് അവസാനിക്കുന്ന ഒന്നല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സെക്രട്ടറിയറ്റിൽ പോലും വൈദ്യുതി നിയന്ത്രണമുണ്ടായെന്നും സ്വന്തം ഓഫീസിൽ രണ്ട് തവണ കരണ്ട് പോയെന്നും കൂട്ടിച്ചേർത്തു.

നിലവിൽ പുതിയ പദ്ധതികളൊന്നുമില്ലെന്നും പഴയ പദ്ധതികളിൽ പകുതിയും മുടങ്ങിക്കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു. മണിയാർ പദ്ധതി കെ.എസ്.ഇ.ബിക്ക് ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ അതിനെക്കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ സോളാർ ഊർജ്ജം സ്റ്റോക്ക് ചെയ്യാനുള്ള പദ്ധതികൾ വേണമെന്നും ഹ്രസ്വകാല, ദീർഘകാല വൈദ്യുത കരാറുകൾക്കായി സംസ്ഥാനത്ത് പുതിയ വൈദ്യുതി നയം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. വൈദ്യുതി വകുപ്പ് ഏറ്റെടുത്തതിൽ പ്രയാസങ്ങളുണ്ടെങ്കിലും അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധി പരിഹരിച്ച് ചിരിക്കാനുള്ള സമയം വരുമെന്ന് വിശ്വസിക്കുന്നതായും വൈദ്യുതി ബോർഡ് മുൾക്കിരീടമല്ലെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി രാത്രിയിൽ വൈദ്യുതി ഉപയോഗിക്കുന്നത് ഒഴിവാക്കാൻ വ്യാപാരികൾ ഉൾപ്പെടെയുള്ള എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *