മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് തള്ളി. സെപ്റ്റംബർ 22 മുതൽ വിചാരണ നടപടികളുമായി മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ആറുമാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും നിർദ്ദേശം നൽകി.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട പ്രധാന കേസ് സുൽത്താൻബത്തേരി കോടതിയുടെ പരിഗണനയിലുള്ളതിനാൽ, ഒരേ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ഒരുമിച്ച് വിചാരണ ചെയ്യണമെന്ന വാദമാണ് അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ഈ ആവശ്യത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. ചോറ്റാനിക്കരയിലേത് കേവലം വഞ്ചനാ കേസാണെന്നും വയനാട്ടിലേത് വനം വകുപ്പുമായി ബന്ധപ്പെട്ട പ്രധാന കേസാണെന്നും വ്യക്തമാക്കിയ സർക്കാർ, രണ്ടും വ്യത്യസ്ത വിചാരണയായി കാണണമെന്ന് ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഈ വാദം പൂർണ്ണമായി അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികളുടെ ഹർജി തള്ളിയത്.



