സംസ്ഥാനത്ത് ഇന്നും വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കെ.എസ്.ഇ.ബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് 7:30 നും 8:00 നും ഇടയിലും രാത്രി 10:55 നും 11:20 നും ഭാഗികമായി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഉപഭോക്താക്കൾക്ക് നൽകിയ സന്ദേശത്തിലുള്ളത്. അതേസമയം ഇന്നലെ റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭ്യമായതിനാൽ തടസ്സമുണ്ടായിരുന്നില്ലെന്നും ഇന്നും നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
ഉയർന്ന വില നൽകിയും അടിയന്തരമായി വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ തീരുമാനമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം എൻ.ടി.പി.സിയിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വരെ വൈദ്യുതി വാങ്ങാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ തുകയെക്കുറിച്ച് ആശങ്കപ്പെടുന്നതിൽ കാര്യമില്ലെന്നും, ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ഭാവിയിൽ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെച്ചേക്കാമെന്നും മന്ത്രി സൂചന നൽകി. നിരക്ക് വർധനവ് സംബന്ധിച്ച കാര്യങ്ങൾ വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ ബോധ്യപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.



