India Mirror News

തിരുത്തലുകളിലൂടെ തിരിച്ചുവരാൻ സി.പി.ഐ.എം; ബ്രാഞ്ച് തലം ശക്തിപ്പെടുത്താനും സ്വത്ത് സമ്പാദനത്തിൽ നടപടിക്കുമൊരുങ്ങി പാർട്ടി

തിരുത്തലുകളിലൂടെ തിരിച്ചുവരാൻ സി.പി.ഐ.എം; ബ്രാഞ്ച് തലം ശക്തിപ്പെടുത്താനും സ്വത്ത് സമ്പാദനത്തിൽ നടപടിക്കുമൊരുങ്ങി പാർട്ടി

തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് ശക്തി വീണ്ടെടുക്കുന്നതിനായി സംഘടനാതലത്തിൽ അടിയന്തര തിരുത്തലുകളും ഘടനാപരമായ മാറ്റങ്ങളും വരുത്താൻ സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ധാരണ. അവലോകന റിപ്പോർട്ടിൽ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നുവന്നിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തിരുത്തൽ പ്രക്രിയകളിലൂടെ പാർട്ടിയെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കാനുള്ള മറുപടി സംസ്ഥാന സമിതി ചേർന്ന് തയ്യാറാക്കും. മാധ്യമരംഗത്തെ വലതുപക്ഷവൽക്കരണത്തെയും തെറ്റായ വാർത്ത പ്രചാരണങ്ങളെയും ചെറുക്കേണ്ടതുണ്ടെന്നും, സ്വാഭാവികമായ പാർട്ടി വിമർശനങ്ങളെ മാധ്യമങ്ങൾ അപവാദം പോലെ ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ നിയമനങ്ങൾക്കെതിരെയുള്ള കുപ്രചാരണങ്ങളെ പ്രതിരോധിക്കാനും, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തിൽ നിർദേശമുയർന്നു.

ആരാധനാലയങ്ങൾ വർഗീയവാദികളുടെ താവളങ്ങളാകുന്നത് തടയാൻ പാർട്ടി സജീവമായി ഇടപെടും. ക്ഷേത്രങ്ങളിലെ ആർ.എസ്.എസ് ശാഖാ പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ലെന്നും, വിശ്വാസികൾ വർഗീയവാദികളല്ലെന്ന തിരിച്ചറിവോടെ അവരെക്കൂടി ചേർത്തുവെച്ചാകും വർഗീയതയ്‌ക്കെതിരെ പോരാടുകയെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. പാർട്ടി വിദ്യാഭ്യാസം ആധുനികവൽക്കരിക്കുന്നതിനായി പ്രത്യേക ആപ്പ് സംവിധാനം കൊണ്ടുവരുമെന്നും എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ആധുനിക ഗവേഷണങ്ങൾക്കായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. താഴെത്തട്ടിൽ ജനബന്ധം കുറഞ്ഞെന്ന വിമർശനം ഉൾക്കൊണ്ട് ബ്രാഞ്ച് തല പ്രവർത്തനങ്ങൾ ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് ചുമതല നൽകി ശക്തിപ്പെടുത്തും. കൂടാതെ പാർട്ടി അംഗങ്ങളുടെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇ.ഡി നീക്കങ്ങൾ യോഗത്തിൽ ചർച്ചയായെന്നും അദ്ദേഹം വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *