India Mirror News

ഇ.ഡി നീക്കം ലജ്ജാകരം, രാഷ്ട്രീയമായി നേരിടും: മുഖ്യമന്ത്രി പിണറായി വിജയൻ

ഇ.ഡി നീക്കം ലജ്ജാകരം, രാഷ്ട്രീയമായി നേരിടും: മുഖ്യമന്ത്രി പിണറായി വിജയൻ

ഇ.ഡി നീക്കം ലജ്ജാകരമാണെന്നും അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ഏതെങ്കിലും തരത്തിൽ പഴിചാരുക എന്നത് മാത്രമാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും എന്നാൽ അതിന് തക്കതായ തെളിവുകളൊന്നും കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. തെളിവുകളില്ലാത്ത സാഹചര്യത്തിൽ തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാരുടെ നിർദേശത്തിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അന്വേഷണ ഏജൻസി ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സി.എം.ആർ.എൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് വീണ പണം സ്വീകരിച്ചതെന്നും അതിനുള്ള നികുതികളെല്ലാം കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം വ്യക്തമായ രേഖയിലുള്ള കാര്യങ്ങളാണ്. ഇ.ഡി പരാമർശിക്കുന്ന ഘട്ടത്തിൽ പി.എ. മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവായിരുന്നിട്ടുപോലുമില്ല. പഠനത്തിന് ശേഷം പ്രമുഖ സ്ഥാപനമായ ഒറാക്കിളിൽ ജോലി ചെയ്ത വീണ, വിവാഹശേഷമാണ് അത് ഉപേക്ഷിച്ച് സ്വന്തമായി സ്ഥാപനം തുടങ്ങിയത്. തനിക്കുവേണ്ടി വീണ പണം വാങ്ങിയെന്നും ആ പണം റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നുമുള്ള ഇ.ഡി ആരോപണങ്ങൾ തികച്ചും പരിഹാസ്യമാണ്. വലിയ അക്ഷരങ്ങളിൽ മാധ്യമങ്ങൾ ഈ വാർത്തകൾ നൽകിയതുകൊണ്ട് മാത്രം ജനങ്ങൾ അത് വിശ്വസിക്കില്ലെന്നും തന്റെ ജീവിതം ജനങ്ങൾക്ക് മുന്നിൽ തുറന്ന പുസ്തകമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *