ഹോർമുസ് കടലിടുക്കിന് പുറത്ത് പ്രത്യേക നിയന്ത്രിത മേഖല പ്രഖ്യാപിക്കാനൊരുങ്ങി ഇറാൻ. ഗൾഫിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഈ മേഖല, അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ആരംഭിക്കുന്നതെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന ഏതൊരു കപ്പലിനെയും ഇറാന്റെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഹോർമുസിലെ കപ്പൽച്ചാൽ സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കരാറിൽ ഒപ്പുവെക്കുമെന്നും ഇറാൻ അറിയിച്ചു. തങ്ങൾക്കെതിരായ അമേരിക്കൻ ആക്രമണങ്ങൾക്ക് ശക്തവും വേദനാജനകവുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫും വ്യക്തമാക്കി.
അമേരിക്കയുമായുള്ള സൈനിക സംഘർഷം കടുക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടേത് ഉൾപ്പെടെ ആറ് കപ്പലുകൾക്ക് നേരെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ആക്രമണം നടത്തി. കഴിഞ്ഞദിവസം ഖാർഗ് ദ്വീപിൽ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടി. ഖാർഗ് ദ്വീപിലെ ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. നിരീക്ഷണം നടത്തിയിരുന്ന രണ്ട് അമേരിക്കൻ പടക്കപ്പലുകൾക്കു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ തിരിച്ചടി. അതേസമയം, ഒമാൻ ഉൾക്കടലിൽ ഇറാന്റെ ‘കൈലോ’ എന്ന എണ്ണക്കപ്പൽ മുങ്ങുന്ന ദൃശ്യങ്ങൾ യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. അമേരിക്കയുടെ നാവിക ഉപരോധം തുടർന്നാൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, തെക്കൻ ലെബനോണിൽ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയെന്നാരോപിച്ച് ഇസ്രയേൽ സൈന്യം അവിടെ പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്.



