India Mirror News

തേർഡ് പാർട്ടി എ.ഐ ഏജന്റുകളെ നേരിട്ട് ബന്ധിപ്പിക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

തേർഡ് പാർട്ടി എ.ഐ ഏജന്റുകളെ നേരിട്ട് ബന്ധിപ്പിക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഉപയോക്താക്കൾക്ക് തേർഡ് പാർട്ടി എ.ഐ ഏജന്റുകളെയും ബോട്ടുകളെയും നേരിട്ട് വാട്സ്ആപ്പുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ മെറ്റ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ആപ്പ് വിട്ടുപോകാതെ തന്നെ വിവിധ എ.ഐ സേവനങ്ങളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിക്കുന്നത്. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന ‘വാബീറ്റാഇൻഫോ’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.26.35.3-ലാണ് ഈ സംവിധാനം കണ്ടെത്തിയിട്ടുള്ളത്. ആപ്പ് സെറ്റിംഗ്സിലെ പുതിയ ‘ഏജന്റ്സ്’ വിഭാഗം വഴി ഒരു അക്കൗണ്ടിൽ പരമാവധി അഞ്ച് എ.ഐ ഏജന്റുകളെ വരെ ചേർക്കാനും, ഓരോ ഏജന്റിനും പ്രത്യേക പേരും പ്രൊഫൈൽ ചിത്രവും നൽകാനും സാധിക്കും.

എ.ഐ ഏജന്റിനെ ക്രമീകരിച്ച ശേഷം ലഭിക്കുന്ന എ.പി.ഐ കീ സേവനദാതാക്കളുടെ പ്ലാറ്റ്‌ഫോമിൽ നൽകിയാണ് ചാറ്റുമായി ബന്ധിപ്പിക്കേണ്ടത്. ഇവ ഓരോന്നും പ്രത്യേക ചാറ്റുകളിലായിരിക്കും പ്രവർത്തിക്കുക. ഉപയോക്താവിന്റെ മറ്റ് വ്യക്തിഗത ചാറ്റുകൾ, കോൺടാക്ടുകൾ, മീഡിയ ഫയലുകൾ എന്നിവ ഈ ഏജന്റുകൾക്ക് ലഭ്യമാകില്ലെന്നും ഗ്രൂപ്പ് ചാറ്റുകളിലോ കമ്മ്യൂണിറ്റികളിലോ ഇവയെ ചേർക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, എ.ഐ ഏജന്റുകളുമായുള്ള സന്ദേശ കൈമാറ്റങ്ങൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ബാധകമായിരിക്കില്ല. മെറ്റയുടെ സേവനം വഴി സന്ദേശങ്ങൾ കൈമാറുന്നതിനാൽ സേവനം നൽകുന്ന ഡെവലപ്പർക്ക് ഇവ ലഭ്യമാകാൻ സാധ്യതയുണ്ട്. നിലവിൽ പരിമിതമായ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കിടയിൽ മാത്രം പരീക്ഷിക്കുന്ന ഈ ഫീച്ചർ എല്ലാവർക്കുമായി എന്ന് ലഭ്യമാക്കുമെന്ന കാര്യത്തിൽ വാട്സ്ആപ്പ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *