സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെ നടപ്പാക്കുന്ന ‘തൂഫാൻ’ പദ്ധതിയുടെ രണ്ടാം ഘട്ടം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഒന്നാം ഘട്ട നടപടികൾ തുടരുന്നതിനൊപ്പം ബോധവൽക്കരണത്തിന് മുൻതൂക്കം നൽകിക്കൊണ്ട് ജനങ്ങളെ അണിനിരത്തിയാകും രണ്ടാം ഘട്ടം നടപ്പാക്കുക. കുടുംബശ്രീ, ഹരിതകർമ്മ സേന എന്നിവരെ പങ്കാളികളാക്കുന്ന പദ്ധതിയുടെ ഭാഗമായി ഈ മാസം 28-ന് 1,200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം തൂഫാൻ പതാക ഉയർത്തും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി വാർഡ് തലത്തിൽ ജനജാഗ്രതാ സമിതികളും തൂഫാൻ സമിതികളും രൂപീകരിക്കുമെന്നും, ഗ്രാമസഭകൾ വിളിച്ച് തൂഫാൻ വാരിയേഴ്സിനെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ വാർഡുകളിൽ ബീറ്റ് പോലീസുകാരെ നിയമിക്കുമെന്നും, ലഹരിമുക്ത ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ആശുപത്രികൾ കേന്ദ്രീകരിച്ച് ‘തൂഫാൻ കെയർ’ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി-അഡിക്ഷൻ സെന്ററുകൾക്ക് പഞ്ചായത്ത് തലത്തിൽ ലൈസൻസ് നൽകാൻ നിയമനിർമ്മാണം നടത്തും.
തൂഫാൻ പദ്ധതിയിലൂടെ ഇതുവരെ 10,070 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,883 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വലിയ അളവിൽ എം.ഡി.എം.എ, കഞ്ചാവ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവ പോലീസിന് പിടിച്ചെടുക്കാനായി. കാസർഗോഡ് എം.ഡി.എം.എ കേസ് വിജയകരമായി അന്വേഷിച്ച ചെന്തേര പോലീസിനെ അഭിനന്ദിച്ച മന്ത്രി, കേസിൽ വിദേശ പൗരന്മാരുൾപ്പെടെ പിടിയിലായിട്ടുണ്ടെന്നും അന്വേഷണം ശക്തമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. ഉന്നതരുമായോ നേതാക്കളുമായോ ഉള്ള വ്യക്തിബന്ധത്തിന്റെ പേരിൽ കുറ്റവാളികൾക്ക് യാതൊരു സംരക്ഷണവും ലഭിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ മെസി തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) യോഗം ചേർന്ന് അന്വേഷണം ആരംഭിച്ചതായും, വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ പുതിയ പ്രോജക്ട് ആരംഭിക്കുമെന്നും പി.എം. ശ്രീ പദ്ധതിയിലെ കമ്മിറ്റി റിപ്പോർട്ടിന്മേൽ മന്ത്രിസഭ തീരുമാനമെടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.



