സ്ത്രീകൾ പൊതുവേദിയിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പരാമർശത്തെ പൂർണ്ണമായും തള്ളി പാളയം ഇമാം വി.പി. സുഹൈബ് മൗലവി രംഗത്തെത്തി. ജാതിമത വ്യത്യാസമില്ലാതെ സ്ത്രീകൾ എല്ലാ മേഖലകളിലും മുന്നോട്ടുവരുന്ന കാലഘട്ടമാണിതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് പൂർണ്ണമായും ശരിയാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്ലാമിക ചരിത്രത്തിൽ മുസ്ലിം സ്ത്രീകൾക്ക് വലിയ രീതിയിലുള്ള പ്രാതിനിധ്യവും സാധ്യതകളും ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. അങ്ങനെയൊരു ചരിത്രം മുന്നിലുള്ളപ്പോൾ മതത്തിന്റെയോ മതഗ്രന്ഥങ്ങളുടെയോ പേരുപറഞ്ഞ് സമൂഹത്തിൽ സ്ത്രീകളുടെ സാമൂഹിക ഇടം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഗ്രന്ഥത്തിന് തന്നെ വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടാകാമെന്നും, ഇസ്ലാമികമായ ശരിയായ വ്യാഖ്യാനമാണ് മുഖ്യമന്ത്രി വിഷയത്തിൽ നടത്തിയതെന്നും സുഹൈബ് മൗലവി കൂട്ടിച്ചേർത്തു.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. നവാസ് രംഗത്തെത്തി. കാന്തപുരം തന്റെ അനുയായികളോടും സ്വന്തം സമുദായത്തോടുമാണ് സംസാരിച്ചതെന്നും, ഒരു മതനേതാവ് സംസാരിക്കുമ്പോൾ അത് ആരോടാണ് പറയുന്നത് എന്നത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ ചില അനാവശ്യ സംഭവങ്ങൾ ഒഴിവാക്കാനാണ് കാന്തപുരം അങ്ങനെ ഉപദേശിച്ചത്. അദ്ദേഹത്തിന്റെ സർക്കുലർ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം; എന്നാൽ ഒറ്റ വരി പ്രസ്താവനയുടെ പേരിൽ കാന്തപുരത്തിന്റെ ജീവിതത്തെയോ അദ്ദേഹം നടത്തിയ സ്ത്രീ നവോത്ഥാന പ്രവർത്തനങ്ങളെയോ റദ്ദ് ചെയ്യരുതെന്നും പി.കെ. നവാസ് അഭിപ്രായപ്പെട്ടു.



