പി.എം ശ്രീ പദ്ധതിയിൽ പങ്കാളിയാകാതെ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഫണ്ടുകൾ അനുവദിക്കാനാകില്ലെന്ന കർശന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി എസ്.എസ്.കെ ഡയറക്ടർ നടത്തിയ നിർണായക കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ (ആർ.ടി.ഇ) ഫണ്ടുകൾക്ക് ഒഴികെയുള്ള മറ്റെല്ലാ എസ്.എസ്.കെ വിഹിതങ്ങൾക്കും പി.എം ശ്രീ പദ്ധതിയിലെ പങ്കാളിത്തം നിർബന്ധമാണെന്ന് കേന്ദ്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി. അനന്തര നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ തന്നെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്രം വീണ്ടും കത്തയക്കും.
എസ്.എസ്.കെ ഫണ്ടിനത്തിൽ ഇനി 1,500 കോടി രൂപയാണ് കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത്. കൂടാതെ, ഈ വർഷത്തെ വിഹിതമായി മാത്രം ലഭിക്കേണ്ട 350 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ ഭാഗമാകണമെന്ന് കാണിച്ച് മുൻപും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചിരുന്നെങ്കിലും വ്യക്തമായ തീരുമാനം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഫണ്ട് വിതരണം തടഞ്ഞുവെച്ചുകൊണ്ട് കേന്ദ്രം നിലപാട് കൂടുതൽ കർശനമാക്കിയിരിക്കുന്നത്.



