അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ കായിക വകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം കേസിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ശിപാർശ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഇന്നുവരെ രൂപീകരിച്ചേക്കുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മെസിയുടെ വരവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് പണമയക്കൽ, വിദേശനാണയ വിനിമയ ചട്ടലംഘനം (ഫെമ) എന്നിവ നടന്നതായി കായിക വകുപ്പിന്റെ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അന്വേഷണം വൈകുന്നതിൽ ശക്തമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി കരാറിലേക്ക് എത്തിയ വിധം, വിഷയത്തിൽ മുൻ സർക്കാരിന്റെ പങ്ക്, സ്പോൺസർമാരെ കണ്ടെത്തിയ രീതി, വിദേശത്തേക്ക് കടത്തിയ തുകയുടെ വിശദാംശങ്ങൾ തുടങ്ങിയവ പുതിയ അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കും. തട്ടിപ്പിനെ അതീവ ഗൗരവത്തോടെ കാണുന്ന സർക്കാർ, ഉചിതമായ നിയമനടപടികളിലേക്ക് കടക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.



