അമേരിക്കൻ സൈന്യം ഇറാന്റെ ഖാർഗ് ദ്വീപ് ആക്രമിക്കുന്നതിന്റെ എഐ നിർമ്മിത വീഡിയോ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് തകർക്കപ്പെടുമെന്ന് ട്രംപ് കുറിക്കുകയും മുൻ ഭീഷണികൾ ആവർത്തിക്കുകയും ചെയ്തു. എന്നാൽ ഇത്തരം സൈനിക നീക്കങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലാറക് ദ്വീപിൽ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ജോർദാനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതെന്നും, ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് അമേരിക്ക ഉപയോഗിച്ചത് ഈ താവളങ്ങളാണെന്നും ഇറാൻ ആരോപിച്ചു.
അതിനിടെ, ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന യുഎസിന്റെ എംക്യു-9 ഡ്രോൺ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വെടിവച്ചിട്ടു. തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആക്രമിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിൽ കടൽ മൈൻ പൊട്ടിത്തെറിച്ച് എണ്ണ ടാങ്കറിന് തീപിടിച്ചു. പ്രദേശം പൂർണമായും അടച്ചതായി അറിയിച്ച ഐആർജിസി, മൈനുകൾ നീക്കം ചെയ്തെന്ന ട്രംപിന്റെ അവകാശവാദം തള്ളി. അതേസമയം, അൽ മിൻഹാദ് എയർ ബേസ് ആക്രമിച്ചെന്ന ഇറാന്റെ വാദം വ്യാജമാണെന്ന് യുഎഇ തള്ളിയെങ്കിലും, സമുദ്രാതിർത്തിയിൽ വെച്ച് ഒരു ഡ്രോൺ പ്രതിരോധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.



