കാസർകോട് മഞ്ചേശ്വരം കാശിമഠം ഗുഡ്ഡയിൽ വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) വാണ് മരിച്ചത്. വീടുകളിലെ ടിവി തകരാറിലായതിനെത്തുടർന്നുണ്ടായ മനോവിഷമമാണ് ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പതിവായി രാവിലെ ആറുമണിക്ക് എഴുന്നേറ്റ് ടിവി കാണുന്ന സ്വഭാവക്കാരിയായിരുന്നു സാവിത്രിയെന്ന് മകൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന സാവിത്രി, ഇന്ന് രാവിലെ ആറുമണിക്ക് ശേഷമാണ് അടുക്കളയിൽ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. രാവിലെ എഴുന്നേറ്റ മകനാണ് അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഫൈബർ കസേരയിലിരുന്ന് തീകൊളുത്തിയതിനെ തുടർന്ന് കസേര ഉരുകി ദേഹത്ത് പറ്റിപ്പിടിച്ച നിലയിലായിരുന്നു. തകരാറിലായ ടിവി നന്നാക്കാൻ നൽകിയിരുന്നെന്നും ഇന്ന് തിരികെ ലഭിക്കാനിരുന്നതാണെന്നും മകൻ പറഞ്ഞു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



