വയനാട് വൈത്തിരി തളിപ്പുഴയിൽ സ്പാ സെന്ററിന്റെ മറവിൽ നടന്നിരുന്ന എം.ഡി.എം.എ വിൽപ്പന എക്സൈസ് പിടികൂടി. സംഭവത്തിൽ 2.229 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് താമരശ്ശേരി കാരാടി സ്വദേശി സായൂജ് ആണ് അറസ്റ്റിലായത്. എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’ എന്ന പ്രത്യേക ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് വലയിലായത്.
ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തുക, അന്തർസംസ്ഥാന കടത്ത് തടയുക, വിപണന ശൃംഖലകൾ തകർക്കുക എന്നിവ ലക്ഷ്യമിട്ടാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും വിവിധ ഓഫീസുകളും ചേർന്ന് വ്യാപക റെയ്ഡുകൾ നടത്തുന്നത്. പുതിയ അധ്യയനവർഷം കണക്കിലെടുത്ത് സ്കൂൾ-കോളേജ് പരിസരങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, മുൻകാല ലഹരി കേസുകളിലെ പ്രതികളെ നിരീക്ഷിക്കുന്നതിനൊപ്പം പ്രധാന പാതകൾ, അതിർത്തി മേഖലകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് രാത്രികാല പട്രോളിങ്ങും വാഹനപരിശോധനയും എക്സൈസ് ഊർജിതമാക്കിയിട്ടുണ്ട്.



