പൊലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ചതിന് പിന്നാലെ അറസ്റ്റിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകൽ സി.ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയത്. മുൻപ് ഒളിവിൽ കഴിയവെ കണ്ണൂരിൽ വെച്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം ഓടിച്ചിട്ട് പിടികൂടിയ ആയങ്കി, ഫേസ്ബുക്കിലൂടെ ഭീഷണി സന്ദേശങ്ങളും വെല്ലുവിളി പോസ്റ്റുകളും ഇട്ടത് താൻ തന്നെയാണെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടാൻ വിവിധ സ്ഥലങ്ങളിലെ വൈഫൈയാണ് ഉപയോഗിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി. കേസിൽ നിർണ്ണായക തെളിവായ ഐഫോൺ 16 പ്രോ ഫോൺ, ഇയാൾ പിടിയിലായ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിന് സമീപത്തെ ഷൂ റാക്കിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുൻപ് ഇയാളിൽ നിന്ന് ഒരു വിവോ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നെങ്കിലും ആ ഫോണിൽ നിന്നല്ല വെല്ലുവിളി പോസ്റ്റുകൾ ഇട്ടതെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് യഥാർത്ഥ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്.



