സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷ മഴയുടെ അളവിൽ 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകൾ പ്രകാരം 1556.2 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1213.1 മില്ലീമീറ്റർ മഴ മാത്രമാണ് കേരളത്തിൽ പെയ്തത്. സംസ്ഥാനത്തെ ഏഴു ജില്ലകളിൽ മഴയുടെ അളവിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രതീക്ഷിച്ചതിനേക്കാൾ 2 ശതമാനം അധികം മഴ ലഭിച്ചപ്പോൾ, ഏറ്റവും കൂടുതൽ മഴക്കുറവ് നേരിട്ടത് വയനാട് (51%), ഇടുക്കി (44%) ജില്ലകളിലാണ്. കൂടാതെ കൊല്ലത്ത് 27%, തൃശ്ശൂരിൽ 25%, പാലക്കാട്ട് 24%, എറണാകുളത്ത് 22% എന്നിങ്ങനെയും മഴക്കുറവ് രേഖപ്പെടുത്തി. കണ്ണൂർ, കാസർഗോഡ്, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും വലിയ തരത്തിലുള്ള കുറവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കി.



