വിവാദങ്ങൾക്കും പ്രതിപക്ഷ ആരോപണങ്ങൾക്കും ഇടയിൽ വന്ദേമാതരം പൂർണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു സംസ്ഥാനത്തെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടന്നത്. ദേശീയഗാനം മാത്രം ആലപിച്ചാണ് ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന കാര്യാലയത്തിലടക്കം നടന്ന പരിപാടികളിൽ ദേശീയഗീതമായ വന്ദേമാതരം ആലപിച്ചു. കോഴിക്കോട് കോർപറേഷൻ ഓഫീസിൽ ഭരണപക്ഷ അംഗങ്ങൾ ദേശീയഗാനം ആലപിച്ച സമയത്ത് ബി.ജെ.പി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചത് വലിയ നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു. വന്ദേമാതരം ഒരിക്കലും ദേശീയഗാനമല്ലെന്നും അതിനെ അങ്ങനെ ആക്കിതീർക്കാൻ ശ്രമിക്കുകയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തിയപ്പോൾ, വന്ദേമാതരത്തിലെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ പാടാറുള്ളൂ എന്നും മറ്റ് വരികൾക്ക് വർഗീയ ചുവയുണ്ടെന്നുമായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
അതേസമയം വിവാദങ്ങൾക്കിടയിലും സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പതാക ഉയർത്തിയപ്പോൾ, വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടന്നു. മലപ്പുറത്ത് പി.കെ. ബഷീറും കോട്ടയത്ത് മോൻസ് ജോസഫും പതാക ഉയർത്തി. പിണറായി കൺവെൻഷൻ സെന്ററിലെ എം.എൽ.എ ഓഫീസിനു മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കെ.പി.സി.സി ആസ്ഥാനത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എ.കെ.ജി സെന്ററിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ദേശീയപതാക ഉയർത്തി. ബി.ജെ.പി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ വന്ദേമാതരവും ദേശീയഗാനവും പൂർണമായി ആലപിച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.



