തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലുങ്കി ഉടുത്തെത്തി ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം.എൽ.എ. വസ്ത്രധാരണത്തിലെ വ്യത്യസ്തത കൊണ്ടും വേറിട്ട ഫേസ്ബുക്ക് കുറിപ്പുകൊണ്ടും ശ്രദ്ധേയമായ ഈ ചടങ്ങിന്റെ ചിത്രം അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണെന്നും വസ്ത്രധാരണത്തിലും സാംസ്കാരിക ശീലങ്ങളിലും ഉള്ള സ്വാതന്ത്ര്യവും വിവേചനങ്ങൾക്കും വേർതിരിവുകൾക്കുമെതിരായ പോരാട്ടവും അതിൽ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വസ്‌ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം, വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വാതന്ത്ര്യം, സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം, അഭിമാനകരമായ അസ്‌തിത്വത്തിനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ സ്വാതന്ത്ര്യത്തിന് ഒട്ടേറെ മാനങ്ങളുണ്ടെന്ന് വി.ടി. ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ ഓരോ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും വേണ്ടി നിരന്തരം പോരാടുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



