India Mirror News

തലയോട്ടി തുറക്കാതെ തലച്ചോറിൽ ബി.സി.ഐ ഘടിപ്പിക്കാം: വിപ്ലവകരമായ സാങ്കേതികവിദ്യയുമായി ചൈനീസ് ഗവേഷകർ

തലയോട്ടി തുറക്കാതെ തലച്ചോറിൽ ബി.സി.ഐ ഘടിപ്പിക്കാം: വിപ്ലവകരമായ സാങ്കേതികവിദ്യയുമായി ചൈനീസ് ഗവേഷകർ

തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിൽ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (BCI) ഘടിപ്പിക്കാനുള്ള വിപ്ലവകരമായ സാങ്കേതികവിദ്യ വികസിപ്പിച്ച് ചൈനീസ് ഗവേഷകർ. ഷാങ്ഹായ് ആസ്ഥാനമായുള്ള സ്റ്റെയർമെഡഡ് ടെക്നോളജിയും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ശാസ്ത്രജ്ഞരും ചേർന്ന് വികസിപ്പിച്ച ഈ രീതിയിൽ, വലിയ മസ്തിഷ്ക ശസ്ത്രക്രിയകൾക്ക് പകരം കഴുത്തിലെ രക്തക്കുഴലിലൂടെയാണ് ബി.സി.ഐ ഉപകരണം തലച്ചോറിലെത്തിക്കുന്നത്. രക്തക്കുഴലുകളുടെ ശൃംഖല ഉപയോഗിച്ച് നിർദ്ദിഷ്ട ഭാഗത്തെത്തിച്ച് രക്തക്കുഴലിന്റെ ഭിത്തിയിൽ ഉപകരണം ഉറപ്പിക്കുന്ന രീതിയാണിത്. ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് അടക്കമുള്ള പരമ്പരാഗത സംവിധാനങ്ങളിൽ തലയോട്ടി തുറന്ന് ഇലക്ട്രോഡുകൾ സ്ഥാപിക്കേണ്ടി വരുമ്പോൾ, ഈ പുതിയ രീതി ശസ്ത്രക്രിയാപരമായ ആഘാതവും അപകടസാധ്യതകളും വൻതോതിൽ കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. നിലവിൽ ആടുകളിലാണ് ഈ ടെക്നോളജി വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്.

ബീജിങ്ങിലെ ക്യാപിറ്റൽ മെഡിക്കൽ സർവകലാശാലയ്ക്ക് കീഴിലുള്ള ഷുവാൻവു ആശുപത്രിയിലും വെനസ് സൈനസുകൾ കേന്ദ്രീകരിച്ച് സമാന പഠനങ്ങൾ നടക്കുന്നുണ്ട്. പരിചയസമ്പന്നനായ ഒരു ശസ്ത്രക്രിയാ വിദഗ്ധന് വെറും 10 മിനിറ്റിനുള്ളിൽ ഉപകരണം സ്ഥാപിക്കാനാകുമെന്നും ആവശ്യാനുസരണം ഇത് നീക്കം ചെയ്യാമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. തലച്ചോറിലെ വൈദ്യുത സിഗ്നലുകളെ ഡിജിറ്റൽ കമാൻഡുകളാക്കി മാറ്റുന്ന ബി.സി.ഐ സാങ്കേതികവിദ്യ, ഭാവിയിൽ അടിയന്തരമായി സഹായം വേണ്ട പക്ഷാഘാത രോഗികൾക്ക് ചിന്തകളിലൂടെ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും നിയന്ത്രിക്കാൻ വഴിയൊരുക്കും. ന്യൂറോ ടെക്നോളജി രംഗത്തെ ഈ കുതിച്ചുചാട്ടത്തിന്റെ ഭാഗമായി അലിബാബ, ടെൻസെന്റ് തുടങ്ങിയ പ്രമുഖരിൽ നിന്നടക്കം 1.1 ബില്യൺ യുവാന്റെ വൻ നിക്ഷേപമാണ് സ്റ്റെയർമെഡിന് ലഭിച്ചിട്ടുള്ളത്. അമേരിക്കൻ കമ്പനിയായ സിൻക്രോണും കഴുത്തിലെ സിരകളിലൂടെയുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, മനുഷ്യരിൽ ഇത് ദീർഘകാലത്തേക്ക് എത്രത്തോളം സുരക്ഷിതവും ഫലപ്രദവുമാണെന്ന് ക്ലിനിക്കൽ ട്രയലുകളിലൂടെയേ ഇനി തെളിയേണ്ടതുള്ളൂ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *