India Mirror News

മിനിക്കോയി കടലിനടിയിൽ അപൂർവ്വ വർണ്ണക്കാഴ്ച: പവിഴപ്പുറ്റുകളുടെ അതിജീവനവും ആശങ്കയും വെളിപ്പെടുത്തി സി.എം.എഫ്.ആർ.ഐ

മിനിക്കോയി കടലിനടിയിൽ അപൂർവ്വ വർണ്ണക്കാഴ്ച: പവിഴപ്പുറ്റുകളുടെ അതിജീവനവും ആശങ്കയും വെളിപ്പെടുത്തി സി.എം.എഫ്.ആർ.ഐ

ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിന് സമീപം കടലിനടിയിൽ അപൂർവ്വവും വർണ്ണാഭവുമായ പവിഴജീവികളുടെ (കോറലുകൾ) സംഗമം സി.എം.എഫ്.ആർ.ഐ (CMFRI) നടത്തിയ സമുദ്രസസ്തനി സർവേയ്ക്കിടെ കണ്ടെത്തി. റിസർച്ച് സ്കോളറായ ആൽവിൻ ആന്റോ പകർത്ത ചിത്രം, ഓറഞ്ച്, വെള്ള, പച്ച നിറങ്ങളിൽ വേറിട്ടുനിൽക്കുന്ന രണ്ട് തരം കോറലുകളുടെ മൂവർണ്ണ ശോഭയാണ് ദൃശ്യമാക്കുന്നത്. ‘ലോബോഫില്ലിയ കൊറിംബോസ’ എന്ന ഓറഞ്ച് നിറത്തിലുള്ള പവിഴജീവിയും, ‘ലോബോഫില്ലിയ റേഡിയൻസ്’ എന്ന പച്ചയും വെളുപ്പും നിറങ്ങളിലുള്ള ഇനവുമാണ് ഇതിൽ ഒരുമിച്ചു വളരുന്നത്. എന്നാൽ ഈ വർണ്ണക്കാഴ്ച കടലിനടിയിലെ ദൃശ്യഭംഗിക്കപ്പുറം കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതത്തിന്റെ നേർചിത്രമാണെന്ന് സി.എം.എഫ്.ആർ.ഐ ഗവേഷകർ വ്യക്തമാക്കുന്നു.

സമുദ്ര താപനില ഉയർന്നതിനെ തുടർന്ന് ലോബോഫില്ലിയ റേഡിയൻസ് ഇനത്തിൽപ്പെട്ട ഒരു കോറലിന് ‘ബ്ലീച്ചിങ്’ സംഭവിക്കുകയും അത് വെളുത്ത നിറത്തിലാവുകയും ചെയ്തപ്പോൾ, തൊട്ടടുത്തുതന്നെ വളരുന്ന അതേ ഇനത്തിൽപ്പെട്ട മറ്റൊരു കോറൽ കൂട്ടം താപനിലയെ പ്രതിരോധിച്ച് പച്ചനിറത്തിൽ ആരോഗ്യത്തോടെ നിലനിൽക്കുന്നു. ഒരേ ആവാസവ്യവസ്ഥയിൽ തന്നെ ജീവികൾ കാണിക്കുന്ന ഈ പ്രതിരോധശേഷിയും ബലഹീനതയും ഭാവിയിലെ പവിഴപ്പുറ്റ് പുനരുജ്ജീവന ഗവേഷണങ്ങൾക്ക് വളരെ നിർണ്ണായകമാണെന്ന് ഡോ. ഗ്രിൻസൺ ജോർജ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ പ്രകൃതിയുടെ സമ്പന്നമായ ജൈവവൈവിധ്യത്തിനൊപ്പം സമുദ്ര സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. തകർച്ച നേരിടുന്ന സമുദ്ര ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര സർക്കാറിന്റെ സഹകരണത്തോടെ കൃത്രിമ പാരുകൾ (ആർട്ടിഫിഷ്യൽ റീഫ്) സ്ഥാപിക്കുന്ന പദ്ധതിയും, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിത്തുൽപ്പാദനവും കടലിൽ നിക്ഷേപിക്കലും (സീറാഞ്ചിംഗ്) സി.എം.എഫ്.ആർ.ഐ വേഗത്തിലാക്കി വരികയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *