ലിയോണൽ മെസ്സിയുടെ പേരിൽ നടന്ന പരിപാടിയിലെ സാമ്പത്തിക ക്രമക്കേടുകളിലും തട്ടിപ്പിലും മുൻ സർക്കാരിന്റെ കാലത്ത് എല്ലാത്തരം ഔദ്യോഗിക നടപടിക്രമങ്ങളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് കുറ്റപ്പെടുത്തി. അന്വേഷണം നേരിടുന്ന ഫയലുകളിൽ വലിയ രീതിയിലുള്ള അവ്യക്തത നിഴലിക്കുന്നുണ്ടെന്നും ഇവന്റുകൾ നടത്തി മുൻപരിചയമുള്ള കമ്പനികൾക്കാണോ ചുമതല നൽകിയതെന്ന പ്രാഥമിക പരിശോധന പോലും നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു മേൽ അക്കാലത്ത് വൻ സമ്മർദ്ദം ഉണ്ടായിരുന്നതായി കരുതുന്നു. ആർ.ബി.സിയെ (RBC) സ്പോൺസറാക്കിയതിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്നതാണ് പ്രധാന ആക്ഷേപങ്ങൾക്ക് വഴിവെച്ചത്. ഇവന്റിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചോ ധാരണകളെക്കുറിച്ചോ കരാറിൽ ഒരു വിവരവുമില്ലായിരുന്നു. ആദ്യ കത്തിടപാടുകൾ മുതൽ അവസാന ഘട്ടം വരെ യാതൊരു പ്രൊസീജറും പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഫയലുകൾ നിലവിൽ വിശദമായ പരിശോധനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
സംഭവത്തിൽ മുൻ സർക്കാരിന് വ്യക്തിപരമായ താല്പര്യങ്ങളേക്കാൾ രാഷ്ട്രീയ താല്പര്യങ്ങളാണുണ്ടായിരുന്നതെന്നാണ് പരിശോധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഐ.എ.എസ് തലപ്പത്തെ തർക്കങ്ങളാണ് അന്വേഷണത്തിന് പിന്നിലെന്ന വാദങ്ങൾ അദ്ദേഹം തള്ളി. തന്റെ പേഴ്സണൽ സ്റ്റാഫ് അംഗം സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. സ്വന്തം സ്റ്റാഫംഗത്തെ പൂർണ്ണമായും തള്ളിയ മന്ത്രി, നിയമലംഘനം നടത്തിയാൽ അത് ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാമെന്നും സീറ്റ് ബെൽറ്റ് ഇടാത്തതിന് നിയമപ്രകാരം എന്താണോ നടപടി, അത് അധികാരികൾക്ക് കൈക്കൊള്ളാമെന്നും വ്യക്തമാക്കി.



