India Mirror News

തമിഴ്‌നാട് വനം വകുപ്പിന്റെ നോട്ടീസ്: അപൂർവ്വ ഇനം കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണം

തമിഴ്‌നാട് വനം വകുപ്പിന്റെ നോട്ടീസ്: അപൂർവ്വ ഇനം കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണം

വംശനാശ ഭീഷണി നേരിടുന്ന അപൂർവ്വ ഇനം കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രമിന് തമിഴ്‌നാട് വനം വകുപ്പ് നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം സംഭവത്തിൽ വ്യക്തമായ വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. ലാർ ഗിബ്ബൺ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും വിവാദമാകുകയും ചെയ്തതിനെ തുടർന്ന് നടൻ അത് പിൻവലിച്ചിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പ്രധാനമായും കണ്ടുവരുന്ന ഈ കുരങ്ങുകളുടെ കൈമാറ്റത്തിനും വളർത്തലിനും അന്താരാഷ്ട്ര തലത്തിലടക്കം കർശന നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ഇവയൊന്നും പാലിക്കാതെ ഇത്തരം അപൂർവ്വ ജീവിയെ നടൻ എങ്ങനെ സ്വന്തമാക്കി എന്നതിനെക്കുറിച്ചാണ് വനം വകുപ്പ് നിലവിൽ അന്വേഷണം നടത്തുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ, 2020-ൽ മണിപ്പൂർ സ്വദേശിയായ ഒരാൾ എട്ട് ലാർ ഗിബ്ബണുകൾ തന്റെ കൈവശമുണ്ടെന്ന് സർക്കാരിന്റെ ‘പരിവേശ്’ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മൂന്നെണ്ണത്തിനെ ഈ വർഷം ജൂൺ അഞ്ചിന് തമിഴ്‌നാട്ടിലെ ഈറോഡിലേക്കും തുടർന്ന് ഓഗസ്റ്റ് അഞ്ചിന് ചെന്നൈയിലേക്കും കൊണ്ടുവരികയായിരുന്നു. നടന്റെ മകളുടെ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലേക്കാണ് ഇവയെ എത്തിച്ചതെന്നാണ് വനം വകുപ്പിന് ലഭിച്ച സൂചന. അതേസമയം, സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ ഇത്തരം അപൂർവ്വ വന്യജീവികളെ അനധികൃതമായി കൈവശം വയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും വന്യജീവി കടത്തിന് പ്രോത്സാഹനമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *