ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഭീകരസംഘടനയായ അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ എ.ക്യു.ഐ.എസ് (AQIS) ആണെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി നിരീക്ഷണ സംഘം വ്യക്തമാക്കി. സംഭവവുമായി ബന്ധമുള്ള 10 പേർക്ക് എ.ക്യു.ഐ.എസിന്റെ ഉപസംഘടനയായ അൻസാർ ഖസ്വാത്ത് ഉൽ ഹിന്ദുമായി അടുത്ത ബന്ധമുണ്ടെന്നാണ് യു.എൻ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. മേഖലയിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഈ ഭീകരസംഘടനകൾ ബംഗ്ലാദേശിൽ പുതിയ ഭീകര സെല്ലുകൾ സ്ഥാപിക്കാൻ തീവ്രശ്രമം നടത്തുന്നതായും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
അതിനോടൊപ്പം അൽ-ഖ്വയ്ദയും ഐ.സിസും രാസ–ജൈവ ആയുധങ്ങൾ കൈക്കലാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന ഗുരുതര വിവരവും പുറത്തുവന്നിട്ടുണ്ട്. റൈസിൻ പോലുള്ള മാരക വിഷവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ ഭീകര സംഘങ്ങൾ ഓൺലൈൻ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്ന് യു.എൻ സുരക്ഷാസമിതി നിരീക്ഷണ സംഘം തങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.



