ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ നടത്തിയ നീക്കങ്ങളിൽ സർക്കാർ ഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് വ്യക്തമാക്കുന്ന നിയമസഭാ രേഖകൾ പുറത്ത്. അർജന്റീന ടീമിനെ ക്ഷണിക്കുന്നതിനും അക്കാദമികൾ ആരംഭിക്കുന്നതിനുമായി സ്പെയിൻ സന്ദർശിച്ച വകയിൽ 13,04,343 രൂപ ഖജനാവിൽ നിന്ന് ചെലവായതായി നജീബ് കാന്തപുരം എം.എൽ.എയുടെ ചോദ്യത്തിന് മുൻ മന്ത്രി നൽകിയ മറുപടിയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ചില്ലിക്കാശ് നഷ്ടമായിട്ടില്ലെന്ന കായിക വകുപ്പിന്റെ റിപ്പോർട്ടിന് ശേഷമുള്ള മുൻ മന്ത്രിയുടെ മുൻ അവകാശവാദങ്ങളെ തിരുത്തുന്നതാണ് ഈ രേഖകൾ.
കൂടാതെ, മന്ത്രിയുടെ ഔദ്യോഗിക കത്തിടപാടുകൾ സ്വകാര്യ വ്യക്തിക്ക് കൈമാറിയതിലും കളക്ഷൻ ഏജന്റായി നിശ്ചയിച്ച വിദേശ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളില്ലും സുതാര്യതയില്ലെന്ന ആരോപണം ശക്തമാണ്. വിദേശ നാണയ ഇടപാടുകൾ നടന്നിട്ടും ധനവകുപ്പ് പരിശോധന നടത്തിയില്ലെന്നും സർക്കാരും സ്പോൺസറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നെന്നുമുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. ഈ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം.



